അവരെയും നാം കാണണം
കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനുണ്ടായ മുന്നേറ്റത്തിനു സമാനതകളില്ല. ലോകതലത്തില്‍ തന്നെ കുറഞ്ഞ കാലം കൊണ്ട് ഇത്രവേഗം പുരോഗതിയുടെ പടവുകള്‍ കയറിയ സമൂഹങ്ങള്‍ കുറവായിരിക്കും. നമ്മുടെ കുട്ടികള്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍ മുതല്‍ നമുക്ക് ഈ വികാസങ്ങളെ വിലയിരുത്താം. ഈ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ നാം രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ കൂടി വിലയിരുത്തേണ്ടിയിരിക്കുന്നു. അവര്‍ക്കു നാളിതുവരെ ഇത്തരത്തിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാനായോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ?
മറ്റുള്ളവരെ കൂടി നമ്മുടെ ഈ മുന്നേറ്റത്തിലേക്കു കൊണ്ടുവരേണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കു ഇക്കാര്യത്തില്‍ വലിയ താല്‍പര്യമുള്ള ഞങ്ങളുടെ ഒരു സംഘം ഏറെ ആലോചിച്ചു തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളിലെ പാവപ്പെട്ട മുസ്‌ലിംകളെ കൈപിടിച്ചുയര്‍ത്താനായി ഒരു സന്നദ്ധസേവന സംഘം രൂപീകരിക്കാനാലോചിച്ചു. അതിനിടെയാണ് ഈ കൂട്ടായ്മ, ലോകത്തു തന്നെ ഏറ്റവും ദുരിതമനുഭവിക്കുന്ന രോഹിംഗ്യന്‍ മുസ്‌ലിംകളുടെ സ്ഥിതികള്‍ക്കു സാക്ഷിയായത്.
ഇന്നു നാമനുഭവിക്കുന്ന പോലെ ഒരു കാലത്ത് ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വായത്തമാക്കിയിരുന്ന ഒരു സമൂഹമായിരുന്നു രോഹിംഗ്യകള്‍. നമ്മുടെ നാട്ടില്‍ നിന്നു പലരും അവിടെ പ്രവാസികളായി സമ്പന്നരായി. ജീവിതസൗഖ്യങ്ങള്‍ക്കിടയില്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് അവരെ ദുരന്തം തേടിയെത്തിയത്. അവര്‍ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും അതിമൃഗീയമായി ശത്രുക്കളാല്‍ വരിഞ്ഞുമുറുക്കപ്പെടുകയും ചെയ്തു. അവരെപ്പോലെ ദുരിതങ്ങളിലൂടെ കടന്നുപോകുന്നവര്‍ ഇന്നു ലോകത്തു കുറവാണ്. സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട രോഹിംഗ്യന്‍ മുസ്‌ലിംകളില്‍ വലിയൊരു ശതമാനം ഇന്നു നമ്മുടെ രാജ്യത്ത് അഭയാര്‍ഥികളാണ്. എന്നാല്‍ ഈ അതിഥികളെ കുറിച്ചു നാം കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ല.
ഞങ്ങള്‍ ഒരുപറ്റം സുഹൃത്തുക്കള്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാംപുകള്‍ സന്ദര്‍ശിച്ചു. ജമ്മു, മേവാത്, നുഹു, ഡല്‍ഹിയിലെ മദന്‍പൂര്‍, ഖദര്‍ തുടങ്ങിയയിടങ്ങളിലൊക്കെയാണ് ഇത്തരത്തില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. അതിദയനീയമാണ് അവരുടെ സ്ഥിതിയെന്നേ പറയാനൊക്കൂ. ഒന്നുമില്ലാതെ ഇവിടെയെത്തിയര്‍ ജീവച്ഛവങ്ങളായി കാലംകഴിച്ചുകൂട്ടേണ്ട സ്ഥിതിയാണ്.
കൂട്ടക്കൊലപാതകങ്ങള്‍ നേരില്‍കണ്ടു വിറങ്ങലിച്ചു മരവിച്ചവരെയാണു ഞങ്ങള്‍ ഈ ക്യാംപുകളില്‍ കണ്ടത്. വീട്ടുമുറ്റത്തു വച്ചു സ്വന്തം മക്കളെ വെടിവച്ചിടുന്നതു കണ്ട രംഗങ്ങള്‍ വിവരിക്കാനാവാതെ പൊട്ടിക്കരഞ്ഞവര്‍. ശാരീരികമായും മാനസികമായും പിച്ചിച്ചീന്തപ്പെട്ടവര്‍. ജീവന്‍ രക്ഷിക്കാനായി നാടുവിട്ടുള്ള ഓട്ടത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ അവരിലുണ്ടായിരുന്നു. ഭക്ഷണം കിട്ടാതെ മരിച്ചുവീണ കുട്ടികളുടെ രോദനം ഇപ്പോഴും അവരുടെ കാതുകളിലും കണ്ണുകളിലുമുണ്ട്. വാഹനങ്ങള്‍ അപകടത്തില്‍പെട്ട്, ബോട്ട് മുങ്ങി മരണം വരിച്ചവരെ അവര്‍ നേരില്‍ കണ്ടു. ഓരോരുത്തരായി മരിച്ചൊടുങ്ങുമ്പോള്‍ മരണത്തിനായി ദാഹിച്ചവര്‍. മരണം ആഗ്രഹിച്ചിട്ടും ജീവിതം ബാക്കിയായവര്‍.
കൈയില്‍പെറുക്കിയെടുക്കാന്‍ മാത്രമുള്ളതേ തങ്ങളുടെ ജീവിതത്തില്‍ സമ്പാദിച്ചതില്‍ നിന്ന് എടുക്കാന്‍ അവരെ ശത്രുക്കള്‍ അനുവദിച്ചിരുന്നുള്ളൂ. അതുപോലും അവര്‍ക്കു കൈയില്‍ ബാക്കിവയ്ക്കാനായില്ല. പരുക്കുകള്‍ ഭേദമാകാത്തവര്‍. മാറാരോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍. അനാഥത്വത്തിന്റെ വേദന പേറുന്നവര്‍. അങ്ങനെ ഒന്നരലക്ഷത്തോളം ആളുകള്‍. നമ്മുടെ രാജ്യത്ത് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതു താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ നിലവാരം കുറഞ്ഞ ടെന്റുകളിലാണ്. ഇവര്‍ ഒട്ടും സുരക്ഷിതരല്ല ഈ രാജ്യത്ത്. പലരും ടെന്റുകളില്‍ പാമ്പു കടിയേറ്റു മരിച്ചു. രോഗികള്‍ അവശ്യമരുന്നുകളില്ലാതെ മരണത്തിനു കീഴടങ്ങുന്നു. ഇങ്ങനെ ഇവര്‍ എത്രകാലം മുന്നോട്ടുപോകുമെന്നു പറയാനാവില്ല.
ഈ ദുരിതസ്ഥിതിയില്‍ നിന്ന് ഇവരെ മോചിപ്പിക്കാന്‍ ചില പദ്ധതികള്‍ ഞങ്ങള്‍ ആലോചിച്ചു. ആവശ്യമായ ചികിത്സയും കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസവുമാണ് അതില്‍ പ്രധാനമെന്നു തോന്നി. പ്ലാസ്റ്റിക് പെറുക്കി ജീവിക്കുന്ന 5,000 കുട്ടികളെയാണ് ജമ്മുവിലെ ക്യാംപില്‍ മാത്രം ഞങ്ങള്‍ക്കു കാണാനായത്. ഈ കുട്ടികളുടെ സ്ഥിതി അതിദയനീയം. അവര്‍ക്കു ഭക്ഷണമില്ല, വസ്ത്രമില്ല, മരുന്നില്ല. ഇപ്പോള്‍ ഇവര്‍ക്കായി ഒരുക്കിയ കേന്ദ്രത്തില്‍ 100 കുട്ടികള്‍ക്ക് ഒരു ബാത്ത്‌റൂമും മൂന്ന് അധ്യാപകരുമാണുള്ളത്. കുടിവെള്ളം ലഭിക്കുന്നില്ല. അഭയാര്‍ഥികളാണ് ഇവരെന്നു പരിസരവാസികള്‍ക്കു പോലും ധാരണയില്ല.
ഈ തലമുറയ്ക്കു പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സൗകര്യമൊരുക്കിയാല്‍ അതിനോടൊപ്പം അവര്‍ക്കാവശ്യമായ ഭക്ഷണത്തിനും വസ്ത്രത്തിനും താമസത്തിനും സൗകര്യമൊരുങ്ങും എന്നാണു ഞങ്ങള്‍ കരുതുന്നത്. താല്‍ക്കാലികമെങ്കിലും ഒരു സാധാരണ സൗകര്യമെങ്കിലും വേണം. ഇവരെ സഹായിക്കലും സാന്ത്വനിപ്പിക്കലും നമ്മുടെ ബാധ്യതയല്ലേ. ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ ചില സംവിധാനങ്ങളൊരുക്കുന്നു. സന്മനസുള്ള, ദയാവായ്പുള്ള നാമെല്ലാം അതോടൊപ്പം ചേരുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. സാമ്പത്തിക സഹായം കൊണ്ടും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഇതില്‍ പങ്കുചേരാന്‍ സാധിക്കുന്നവരെ ഞങ്ങള്‍ ക്ഷണിക്കുകയാണ്. ബന്ധപ്പെടുക: 9633781618.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."