പുന്നപ്ര വയലാര്‍ സമരത്തെ വിവാദത്തിലാക്കാന്‍ സംഘ്പരിവാര്‍ ഉദ്ഘാടക കെ.ആര്‍ ഗൗരിയമ്മ
ആലപ്പുഴ: ഹിന്ദു ഐക്യവേദി പതിനാലാമത് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടത്തുന്ന സെമിനാറുകള്‍ വിവാദത്തിലേക്ക്. ഇന്ന് ആലപ്പുഴ ടൗണ്‍ഹാളില്‍ സെമിനാര്‍ മുന്‍ മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ.ആര്‍ ഗൗരിയമ്മയാണ് ഉദ്ഘാടനം ചെയ്യുന്നത്.
പുന്നപ്ര വയലാര്‍ സമരത്തിന്റെ കാണാപുറങ്ങള്‍ എന്ന പേരില്‍ നടക്കുന്ന സെമിനാറില്‍ ഗൗരിയമ്മയെത്തുന്നത് വിവാദത്തിന് വഴിവെക്കുമെന്നുറപ്പാണ്. പുന്നപ്ര വയലാര്‍ സമരത്തിന്റെ നേതൃനിരയില്‍ ഇപ്പോള്‍ സമരസേനാനികളെന്ന് അവകാശപ്പെടുന്ന പലരും ഇല്ലായിരുന്നുവെന്ന് ഗൗരിയമ്മ സി.പി.എം വിട്ട ശേഷം വ്യക്തമാക്കിയിരുന്നു.
വി.എസും, ഇ.എം.എസും സമരപോരാളികളല്ലായിരുന്നുവെന്ന് സെമിനാറില്‍ ഗൗരിയമ്മ സമര്‍ഥിക്കുന്ന സാഹചര്യം സൃഷ്ടിക്കലാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. സമരകാലത്ത് ഇ.എം.എസ് വൈക്കത്ത് നമ്പൂതിരിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നും വി.എസ് സമരത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു ഗൗരിയമ്മ നേരത്തെ പറഞ്ഞിരുന്നത്.
ഗൗരിയമ്മയുടെ പ്രസംഗം സി.പി.എമ്മിനെതിരേയുളള ആയുധമാക്കുകയാണ് ലക്ഷ്യം. 23ന് വെളുത്തച്ചന്‍ സത്യമോ മിഥ്യയോ സെമിനാറും വിവാദം ലക്ഷ്യമിട്ടുള്ളതാണ്. കാലങ്ങളായി ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ ചര്‍ച്ചില്‍ വിശുദ്ധന്‍ സെബാസ്റ്റ്യന്റെ കുഴിമാടത്തില്‍ എത്തി മാലയൂരല്‍ ചടങ്ങ് നടത്താറുണ്ട്.
പളളിയോട് ചേര്‍ന്ന കടലില്‍ മുങ്ങി കുളിച്ചശേഷമാണ് മാലയൂരുന്നത്. വെളുത്തച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധന്‍ സെബാസ്റ്റ്യന് അയ്യപ്പനുമായി യാതൊരു ബന്ധവുമില്ലെന്നാണ് വാദം. ചരിത്രത്തിലെവിടെയും ഇവര്‍ സമകാലികരാണെന്ന് പറയുന്നില്ലെന്നാണ് നേതാക്കള്‍ ഉന്നയിക്കുന്നത്.
അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എല്ലാ വര്‍ഷവും ജനുവരി 18ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങ് അനാചാരമാണെന്നാണ് സംഘ്പരിവാര്‍ നിലപാട്. ശബരിമലയില്‍ ഇതിനായി ലോബി പ്രവര്‍ത്തിക്കുന്നതായും ഇവര്‍ ആരോപിക്കുന്നുണ്ട്. സമ്മേളനം അവസാനിക്കുന്നതോടെ വിവാദങ്ങള്‍ ഹിന്ദു അജണ്ട നടപ്പാക്കാന്‍ കൂടുതല്‍ കരുത്ത് പകരുമെന്നാണവരുടെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."