ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് ഏകീകൃത ഭരണസംവിധാനം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അധ്യയന ദിവസങ്ങള്‍ 200 ആക്കാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടുതലായി വരുമ്പോള്‍ ആവശ്യമായ സൗകര്യമൊരുക്കാന്‍ തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്. അക്കാര്യം തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തും.
വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോ സ്‌കൂളിലും ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കണം. കലാകായിക അധ്യാപകരുടെ കാര്യത്തില്‍ കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുയോജ്യ നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ തലത്തില്‍ പ്രീപ്രൈമറി മേഖല വ്യാപകമാക്കുന്നതിന് പ്രത്യേക പരിഗണ നല്‍കും. എയ്ഡഡ് മേഖലയ്ക്ക് ഗവണ്‍മെന്റ് എയ്ഡഡ് എന്ന പേര് നല്‍കണമെന്ന അധ്യാപകരുടെ നിര്‍ദേശം പരിഗണിക്കും. അക്കാദമിക് കാര്യങ്ങളില്‍ എയ്ഡഡ് മേഖലയെ മാറ്റി നിര്‍ത്തില്ല.
അധ്യാപക സമൂഹത്തോട് സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായ നടപടികള്‍ സ്വീകരിക്കില്ല. അധ്യാപകരുടെ ക്ഷാമബത്ത കുടിശിക സംബന്ധിച്ച പരാതികള്‍ പരിശോധിക്കും.
പ്രീ പ്രൈമറി കുട്ടികള്‍ക്കുളള ആക്ടിവിറ്റി പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഉടന്‍ വിതരണം ചെയ്യും. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, ഡയരക്ടര്‍ കെ.വി മോഹന്‍കുമാര്‍, ഉന്നത വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."