സംസ്ഥാനത്തിനകത്തെ ചരക്കുനീക്കത്തിനുള്ള ഇ-വേബില്‍ നിബന്ധനയില്‍ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്തിനകത്തെ ചരക്കുനീക്കത്തിന് ഈ-വേബില്‍ നിബന്ധനകളില്‍ വ്യക്തത വരുത്തി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഉത്തരവിറക്കി.
ഇതനുസരിച്ച് സംസ്ഥാനത്തിനകത്ത് സ്വന്തം ആവശ്യത്തിന് അംഗീകൃത വ്യാപാരിയില്‍നിന്ന് വാങ്ങുന്ന ചരക്കുകള്‍ 25 കിലോമീറ്റര്‍ പരിധിയില്‍ നടത്തുന്ന ചരക്കുനീക്കത്തിന് ഈ-വേബില്‍ ആവശ്യമില്ല. ഇതിന് ജി.എസ്.ടി നിയമം വകുപ്പ് 31 പ്രകാരം വ്യാപാരി നല്‍കുന്ന ഇന്‍വോയ്‌സ് മാത്രം മതിയാകും.എന്നാല്‍, കച്ചവട ആവശ്യത്തിനുള്ള ചരക്കുനീക്കത്തിന് ഇളവ് ബാധകമല്ല. കൂടാതെ 50,000 രൂപയില്‍ അധികം മൂല്യമുള്ള ചരക്ക് നീക്കമാണെങ്കില്‍ സ്വന്തം ആവശ്യത്തിനാണെങ്കിലും ഇ-വേബില്‍ നിര്‍ബന്ധമാണ്.
സംസ്ഥാനത്തിനകത്തെ കര്‍ഷകരില്‍നിന്ന് നേരിട്ടുവാങ്ങുന്ന റബര്‍ ലാറ്റക്‌സ്, റബര്‍ ഷീറ്റ്, റബര്‍ സ്‌ക്രാപ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും ഇ-വേബില്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് കേരള ജി.എസ്.ടി റൂള്‍ 2017 ലെ റൂള്‍ 55 പ്രകാരമുള്ള ഡെലിവറി ചെലാനോ, കേരള ജി.എസ്.ടി നിയമപ്രകാരമുള്ള ഇന്‍വോയിസോ ഉപയോഗിക്കാം.
സംസ്ഥാനത്തിനകത്ത് വാന്‍ സെയില്‍സ് നടത്തുന്ന രജിസ്‌ട്രേഡ് വ്യാപാരികളെയും ഇ-വേബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇവര്‍ വാന്‍ സെയില്‍സ് നടത്തുമ്പോള്‍ സംസ്ഥാന ജി.എസ്.ടി റൂള്‍ 56 (18) പ്രകാരമുള്ള രേഖകള്‍ വാനില്‍ സൂക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ സര്‍ക്കുലര്‍ നമ്പര്‍ 32018 ല്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."