മണലൂറ്റിനെതിരേ ഒറ്റയാള്‍ സമരം നടത്തിയ ഡാളി പെരുവഴിയില്‍
താമസിക്കാനിടമില്ല സര്‍ക്കാര്‍ ഇടപെടലില്‍ തുടര്‍നടപടിയുണ്ടായില്ല
നെയ്യാറ്റിന്‍കര: നെയ്യാറിലെ അനധികൃത മണലൂറ്റിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ
ഡാളിക്ക് അന്തിയുറങ്ങണമെങ്കില്‍ നാട്ടുകാര്‍ കനിയണമെന്ന സ്ഥിതി.
കഴിഞ്ഞ വെളളപ്പൊക്ക സമയത്ത് വീട്ടില്‍ അകപ്പെട്ട ഇവരെ പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരുവനന്തപുരത്തുളള അഭയ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. അവിടെ നിന്നും മടങ്ങിയ ശേഷം ഇപ്പോള്‍ കടത്തിണ്ണകളിലും നാട്ടുകാരുടെ കനിവില്‍ പല വീടുകളിലുമായാണ് ഡാളി കഴിയുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഇവര്‍ക്കായി അമ്പൂരിയില്‍ സ്ഥലം കണ്ടെത്തിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല.
പുലിമുട്ടത്ത് കിഴക്കേത്തോട്ടത്ത് ഇടയില മണ്ണടി വടക്കരികത്ത് പുത്തന്‍വീട്ടില്‍ ആയിരുന്നു 74 കാരിയായ ഡാര്‍ളി എന്നു വിളിക്കുന്ന ഡാളിയുടെ താമസം.രണ്ടു വര്‍ഷം മുന്‍പ് നെയ്യാറിലെ അനധികൃത മണലൂറ്റ് കാരണം സ്വന്തമായി ഉണ്ടായിരുന്ന പത്ത് സെന്റ് വസ്തുവും വീടും തകര്‍ന്നടിഞ്ഞു. വീടിന്റെ അടുക്കള ഭാഗം ഒഴികെ ബാക്കിയുളളതെല്ലാം തകര്‍ന്ന നിലയിലാണ്. കാറ്റിലും മഴയിലും ഷീറ്റുകളും ഓടുകളും നിലം പൊത്തി. വീടിന്റെ പകുതിയോളം ഭാഗം നെയ്യാറിലേയ്ക്ക് ഇടിഞ്ഞിറങ്ങി. വീട്ടിലേയ്ക്ക് പോകാനുള്ള ഒറ്റയടി പാതയും ഇടിഞ്ഞു. ഈ വീട്ടില്‍ ഇനി താമസം തുടരണമെങ്കില്‍ നല്ലൊരു തുക മുടക്കി വീട് പുനരുദ്ധരിക്കണം.വെളളവും വൈദ്യുതിയും നടവഴിയുമൊക്കെ പുനസ്ഥാപിക്കണം.
ഇപ്പോഴത്തെ സ്ഥിതിയില്‍ നാലു പേരുടെ സഹായവും ഒരു വടവും ഉണ്ടെങ്കിലേ ഇവര്‍ക്ക് ഈ വീട്ടിലേക്കു വരാനാകൂ. ചുറ്റും മണല്‍ വാരിയതു കാരണം ആകെ ഉണ്ടായിരുന്ന പത്ത് സെന്റ് വസ്തുവില്‍ പകുതിയിലധികവും ഇടിഞ്ഞ് നെയ്യാറില്‍ പതിക്കുകയാണുണ്ടായത്.
നെയ്യാറ്റിന്‍കര നഗരസഭയിലെ ഓലത്താന്നി വാര്‍ഡ് കൗണ്‍സിലര്‍ സുനിതയോടൊപ്പം കഴിഞ്ഞ ദിവസം ഡാളി തന്റെ വീടും പരിസരവും കാണുവാനായി പോയിരുന്നു. നടപ്പാത തകര്‍ന്നതിനാല്‍ വീടിനടുത്തേക്ക് പോകാനായില്ല. പൊളിഞ്ഞ വീടും പരിസരവും അകലെ നിന്ന് കണ്ട് മടങ്ങി. ഇവരിപ്പോള്‍ ഓലത്താന്നി നാരകംകുഴി അപ്പുക്കുട്ടന്റെ വീട്ടിലെ വരാന്തയിലാണ് അന്തിയുറങ്ങുന്നത്. ഇവര്‍ക്ക് സ്വന്തമായി വീട് ലഭിക്കുന്നതുവരെ ഇവിടെ തുടരാമെന്ന് കൗണ്‍സിലര്‍ സുനിത പറഞ്ഞു. ചില മാധ്യമങ്ങള്‍ ഡാളി രണ്ടു വര്‍ഷത്തിനു ശേഷം സ്വന്തം വീട്ടില്‍ താമസത്തിനായി എത്തി എന്ന് വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇത് ഇവര്‍ക്കു ലഭിക്കാനിടയുള്ള സര്‍ക്കാര്‍ സഹായങ്ങളെ തടസപ്പെടുത്താനെ ഉപകരിക്കുകയുള്ളൂവെന്നാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്. വരും ദിവസം ഡാളി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പരാതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."