ഗവര്‍ണറുടെ ജനാധിപത്യ കശാപ്പ് ബി.ജെ.പിയെ തിരിഞ്ഞുകുത്തും
ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും ഗളഹസ്തം ചെയ്ത് കേവല ഭൂരിപക്ഷമില്ലാതെ യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയുടെ നടപടി അവര്‍ക്ക് തന്നെ വിനയായിത്തീരുകയാണ്. ഇന്ന് സുപ്രിം കോടതി യെദ്യൂരപ്പയുടെ അധികാരാരോഹണത്തെ ശരിവയ്ക്കുകയാണെങ്കില്‍ ആ വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറെ സമീപിക്കുന്ന ബിഹാറിലെ ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവിനും ഗോവയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനും മന്ത്രിസഭ ഉണ്ടാക്കാനുള്ള അനുമതി നല്‍കാനും അതത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ നിര്‍ബന്ധിതരാകും.
കേവല ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി ഇന്ന് സുപ്രിം കോടതി ശരിവയ്ക്കുകയാണെങ്കിലും ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അധികാരമേറ്റ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്ക് അത് നഷ്ടപ്പെടും.
പൂര്‍വാശ്രമത്തില്‍ ആര്‍.എസ്.എസുകാരനും നരേന്ദ്രമോദിക്ക് വേണ്ടി എം.എല്‍.എ സ്ഥാനം രാജിവച്ച് ഗുജറാത്തില്‍ മന്ത്രിയും സ്പീക്കറുമായിരുന്നു വാജുഭായിവാല. അന്നത്തെ വിധേയത്വം പാലിക്കുവാന്‍ കഴിഞ്ഞ ഒന്ന് രണ്ടുദിവസങ്ങളില്‍ രാജ്ഭവനെ അദ്ദേഹം ബി.ജെ.പിയുടെ കാര്യാലയമാക്കി. മുഖ്യമന്ത്രിയാകാന്‍ ഇന്നലെ അര്‍ധരാത്രിയാണ് വാജുവാല യെദ്യൂരപ്പക്ക് അനുമതി നല്‍കിയത്. കോണ്‍ഗ്രസും ജെ.ഡി.എസും ഈ നീതികേടിനെതിരേ കോടതിയില്‍ പോകുന്നത് തടയാനായിരുന്നു ഈ കുത്സിത പ്രവര്‍ത്തനം.
ഇന്നലെ രാവിലെ ഒമ്പത് മണിക്ക് സത്യപ്രതിജ്ഞ നിശ്ചയിച്ചതും കോടതി നടപടികള്‍ ആരംഭിക്കും മുമ്പ് യെദ്യൂരപ്പക്ക് ഭരണം കൈമാറാനായിരുന്നു. എന്നാല്‍, ഇന്നലെ അര്‍ധരാത്രിയില്‍ തന്നെ സുപ്രിം കോടതിയില്‍ കോണ്‍ഗ്രസ് ഹരജി നല്‍കുകയും രാത്രി 2.30ന് സുപ്രിം കോടതി ഹരജി പരിഗണിക്കുകയും ചെയ്തു.
മെയ് 15ന് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് പത്ത് മണിക്ക് കോടതിയില്‍ ഹാജരാക്കാനാണ് ഇന്നലെ രാവിലെ 5.30ന് കോടതി ഉത്തരവായത്. 104 അംഗങ്ങളുടെ പേരെഴുതിയ ലിസ്റ്റ് അതില്‍ യാതൊരു മാറ്റവും വരുത്തുവാന്‍ യെദ്യൂരപ്പക്കോ വിനീത വിധേയനായ ഗവര്‍ണര്‍ക്കോ ഇനി കഴിയില്ല.
യെദ്യൂരപ്പ കത്ത് നല്‍കുന്നതിന് മുമ്പ് ജെ.ഡി.എസ് നേതാവ് ഡി.എച്ച് കുമാര സ്വാമി നല്‍കിയ 117 പേരുള്ള കത്ത് വാജുവാല അവഗണിച്ചത് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന പരിഗണന ബി.ജെ.പിക്ക് നല്‍കാനായിരുന്നു.
ആ പരിഗണന ഇന്ന് സുപ്രിം കോടതിയും ശരിവയ്ക്കുകയാണെങ്കില്‍ നാളെ ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവ് ബിഹാറിലും ഗോവയില്‍ കോണ്‍ഗ്രസും അധികാരത്തില്‍ വരും.
വെളുക്കാന്‍ തേച്ചത് പാണ്ഡായ അനുഭവമാണിപ്പോള്‍ ബി.ജെ.പിക്ക്. ബി.ജെ.പിയുടെ ആജ്ഞാനുവര്‍ത്തിയായി വാജുവാല പ്രവര്‍ത്തിച്ചപ്പോള്‍ ഇത്തരമൊരു പരിണാമം ബി.ജെ.പി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ വിട്ട് എതിര്‍പക്ഷത്തെ എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയും ഐ.പി.എസ് ഉദ്യോഗസ്ഥരെ ഫോണ്‍ ചോര്‍ത്തുന്നു എന്ന കുറ്റം ചുമത്തി സ്ഥലം മാറ്റുന്നതും ബി.ജെ.പിക്ക് വന്ന സ്ഥല ജലവിഭ്രാന്തി മൂലമാണ്.
ഏക് ദിന്‍ കാ സുല്‍ത്താന്‍ എന്ന ആപ്തവാക്യം സഫലമാക്കാനായിരിക്കാം 23-ാമത് മുഖ്യമന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പയുടെ വിധി. ആദ്യം കത്ത് നല്‍കിയ ഡി.എച്ച് കുമാര സ്വാമിയെയായിരുന്നു ആദ്യം വിളിക്കേണ്ടത്. ആ കീഴ്‌വഴക്കം പോലും ബി.ജെ.പിക്ക് വേണ്ടി ഗവര്‍ണര്‍ ലംഘിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് കാവി ജാക്കറ്റ് അണിഞ്ഞെത്തിയ അദ്ദേഹം പാര്‍ട്ടിയോടുള്ള തന്റെ കൂറ് പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.
ഗവര്‍ണറുടെ വിവേചനാധികാരം എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല. ഭരണഘടനാനുസൃതവും കീഴ്‌വഴക്കങ്ങള്‍ പാലിച്ചും കൊണ്ടുള്ളതാകണം ഗവര്‍ണറുടെ വിവേചനാധികാര പ്രയോഗം. തന്റെ മുമ്പിലുള്ള വസ്തുതകള്‍ പഠിച്ച് ഉറപ്പുള്ള ഒരു സര്‍ക്കാര്‍ ആര്‍ക്കാണ് രൂപീകരിക്കാനാവുക എന്ന് കണ്ടെത്തി അവരെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് വേണ്ടത്. അതാണ് വിവേചനാധികാരം.
അല്ലാതെ തന്റെ മുന്‍കാല യജമാനന്മാരെ പ്രീതിപ്പെടുത്തുവാന്‍ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും ചവിട്ടി മെതിക്കലല്ല.
രാഷ്ട്രീയ നേതൃത്വം തീരുമാനിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനല്ല രാജ്ഭവനില്‍ ഗവര്‍ണര്‍മാര്‍. ഇന്ന് സുപ്രിം കോടതി യെദ്യൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അനുമതി കൊടുക്കുകയാണെങ്കില്‍ അതേ നീതി ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍.ജെ.ഡിക്കും ഗോവയില്‍ കോണ്‍ഗ്രസിനും നല്‍കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."