തൊടുപുഴ നഗരസഭയില്‍ നേതൃമാറ്റത്തിനു വീണ്ടും കളമൊരുങ്ങുന്നു
തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണസമിതിയില്‍ നേതൃമാറ്റത്തിനു വീണ്ടും കളമൊരുങ്ങുന്നു. വിമത കൗണ്‍സിലര്‍ക്കെതിരേ നേരത്തേ സ്വീകരിച്ച അച്ചടക്ക നടപടി കോണ്‍ഗ്രസ് പിന്‍വലിച്ചതോടെയാണ് ഇത്. അതേസമയം, നടപടി സംബന്ധിച്ചും കോണ്‍ഗ്രസും കൗണ്‍സിലറും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
വിമത കൗണ്‍സിലര്‍ എം.കെ ഷാഹുല്‍ ഹമീദ് മാപ്പ് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. എന്നാല്‍, മാപ്പ് അപേക്ഷ നല്‍കിയില്ലെന്ന് ഷാഹുല്‍ ഹമീദ് പറയുന്നു. 20 ാം വാര്‍ഡ് കൗണ്‍സിലര്‍ എം കെ ഷാഹുല്‍ ഹമീദിനെതിരെ എടുത്ത സംഘടനാതല അച്ചടക്ക നടപടിയാണ് നേതൃത്വം പിന്‍വലിച്ചത്. അച്ചടക്ക നടപടി നേരിട്ട പലരും മാപ്പപേക്ഷ നല്‍കി വരുന്നുണ്ടെന്നും അവരെയെല്ലാം പാര്‍ട്ടി തിരിച്ചെടുകയാണെന്നും ഇതിന്റെ ഭാഗമായിട്ടാണ് ഷാഹുല്‍ ഹമീദിനെതിരായ നടപടി പിന്‍വലിച്ചതെന്നും കോണ്‍ഗ്രസ്് നേതൃത്വം പറയുന്നു.
എന്നാല്‍ താന്‍ മാപ്പപേക്ഷ നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ ദിവസത്തെ നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് എത്തുന്നതിനു മുമ്പുതന്നെ തനിക്കെതിരെയുള്ള നടപടി പിന്‍വലിച്ചിരുന്നെന്നും ഷാഹുല്‍ ഹമീദ് വ്യക്തമാക്കി. നേതൃമാറ്റ ചര്‍ച്ചയില്‍ താന്‍ ആദ്യ ടേമില്‍ തന്നെ വൈസ് ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് ടേം ആയി നേതൃമാറ്റം ഉണ്ടാകുമ്പോള്‍ അതില്‍ രണ്ടാമത് തന്നെ പരിഗണിക്കുമെന്ന് ചര്‍ച്ചകളില്‍ ഉറപ്പു നല്‍കി. തുടര്‍ന്നാണ് താനും വിട്ടുവീഴ്ചയ്ക്ക് തയാറായത് - ഷാഹുല്‍ ഹമീദ് പറഞ്ഞു.
നഗരസഭ പാര്‍ക്ക് നവീകരണമായി ബന്ധപ്പെട്ട് വൈസ് ചെയര്‍മാന്‍ ടി കെ.സുധാകരന്‍ നായര്‍ അഴിമതി നടത്തിയെന്ന് മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ ഷാഹുല്‍ ഹമീദ് ആരോപിച്ചിരുന്നു. അന്ന് മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയാവുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയം തര്‍ക്കത്തിലാണ് കലാശിച്ചത്. വൈസ് ചെയര്‍മാനെ ഷാഹുല്‍ ഹമീദ് പരസ്യമായി അപമാനിച്ചെന്നാരോപിച്ചാണ് നേതൃത്വം അന്ന് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഈ സംഭവത്തില്‍ താന്‍ തെറ്റുക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി ഷാഹുല്‍ ഹമീദും പരാതി നല്‍കിയിരുന്നു.
വിമത കൗണ്‍സിലറുടെ നിലപാട് യുഡിഎഫിന് അനുകൂലമായതോടെ ഉടന്‍ നേതൃമാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. 30 മാസം ഉള്ളതില്‍ 10 മാസം വീതം മൂന്ന് ടേമില്‍ മൂന്ന് പേരെ വൈസ് ചെയര്‍മാന്‍മാരായി പരിഗണിക്കാനാണ് നീക്കം. അടുത്ത ദിവസങ്ങളില്‍ ഇപ്പോഴത്തെ നേതൃത്വം രാജിവയ്ക്കുന്ന തിയ്യതി പ്രഖ്യാപിക്കുമെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."