ഇറാനില്‍ തടവില്‍ കഴിഞ്ഞിരുന്ന ബഹ്‌റൈനിലെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം
മനാമ: ബഹ്‌റൈനില്‍ നിന്നും മത്സ്യ ബന്ധനത്തിനു പുറപ്പെട്ട് ഇറാന്‍ തടവിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളടക്കമുള്ള 21 തൊഴിലാളികള്‍ക്ക് ആറു മാസത്തിനു ശേഷം മോചനം. ഇറാനിയന്‍ കോടതി തൊഴിലാളികളെ കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്നാണിത്.
മോചനം ലഭിച്ച ഇവര്‍ അടുത്ത ദിവസം ബഹ്‌റൈനില്‍ തിരിച്ചെത്തും.
സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം 2016 ഒക്ടോബറിലാണ് തൊഴിലാളികള്‍ ഇറാന്‍ തീര സംരക്ഷണ സേനയുടെ പിടിയിലായത്. 15 തമിഴ് തൊഴിലാളികളും ആറ് ബംഗ്‌ളാദേശ് തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം അടുത്ത ദിവസം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കു തെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയും സഹായിച്ചു.
കൂടാതെ, തന്റെ ബോട്ടില്‍ ജോലി ചെയ്തിരുന്ന ഏഴു ഇന്ത്യന്‍ തൊഴിലാളികളുടെ മോചനത്തിനായി ഇറാനിയന്‍ കോടതി ആവശ്യപ്പെട്ട പിഴ സംഖ്യ ബോട്ടുടമ നല്‍കുകയും കോടതി ആവശ്യപ്പെട്ട തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഇറാനിലെ തന്റെ പ്രതിനിധി മുഖേനെ ഹാജരാക്കുകയും ചെയ്തിരുന്നു.
ബഹ്‌റൈനില്‍ നിന്നു മൂന്നു ബോട്ടുകളിലായി പോയ മത്സ്യതൊഴിലാളികളെ ഒക്ടോബര്‍ 20നാണ് ഇറാന്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തത്. ഇറാന്റെ തെക്കുള്ള കിഷ് ദ്വീപിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ പിടികൂടപ്പെട്ട ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ നരകയാതന അനുഭവിക്കുന്നതായി നേരത്തെ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."