റമദാന്‍; പഴങ്ങള്‍ക്ക് തീവില
മഞ്ചേരി: ആഘോഷവേളകളില്‍ പൊതു വിപണിയില്‍ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ല. റമദാന്‍, വിഷു, പെരുന്നാള്‍, ക്രിസ്മസ് ഉള്‍പ്പെടെയുള്ള സീസണുകളില്‍ പഴം, പച്ചക്കറി മറ്റു അവശ്യ സാധനങ്ങള്‍ എന്നിവയുടെ വിലകള്‍ കുത്തനെ ഉയരുകയും ആഘോഷനാളുകള്‍ പിന്‍വാങ്ങിയാല്‍ സാധാരണ നിലയിലാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. വിഷുക്കാലത്ത് ഉയര്‍ന്ന പച്ചക്കറികളുടെ വില ആഘോഷം പിന്നിട്ടതോടെ പഴയ നിലയിലേക്കെത്തിയിരുന്നു.
എന്നാല്‍ റമദാന്‍ എത്തിയതോടെപല അവശ്യ സാധനങ്ങളുടെയും വിലകള്‍ വീണ്ടും വില അനിയന്ത്രിതമാവുകയാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ വിപണിയില്‍ മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന ഇടപെടല്‍ ഇപ്പോള്‍ നാമമാത്രമായത് സാധരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാണു നല്‍കുന്നത് .
നോമ്പുതുറകളില്‍ പഴങ്ങള്‍ പ്രധാന ഇനമായതിനാല്‍ ചില പഴങ്ങള്‍ക്ക് വിപണയില്‍ വില ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മാമ്പഴം, ഈന്തപ്പഴം, നേന്ത്രപ്പഴം എന്നിവയാണ് പ്രധാനമായും ഉയര്‍ന്ന വിലകളില്‍ വിപണി കൈയടക്കുന്നത്. നേന്ത്രപ്പഴം കിലോക്ക് 58 ആയി. ഈന്തപ്പഴവും വിലയില്‍ രാജകീയ പ്രൗഢിയോടെ നിലനില്‍ക്കുകയാണ്. 40 രൂപ മുതല്‍ വില തുടങ്ങുന്ന വിദേശയിനം മാമ്പഴങ്ങളാണ് വിപണികള്‍ നിറയെ.
വിഷു മുന്‍നിര്‍ത്തി വന്‍തോതിലാണ് കഴിഞ്ഞ ഒരുമാസം മുന്‍പ് പച്ചക്കറി ഇനങ്ങള്‍ക്ക് വില കൂടിയിരുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇതിനു കാരണമായി അന്ന് പറഞ്ഞിരുന്നത്. വിശേഷാവസരങ്ങളില്‍ പച്ചക്കറികള്‍ക്കും അവശ്യ സാധനങ്ങള്‍ക്കും വിലക്കയറ്റമുണ്ടാവുന്ന പ്രവണത തടയുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വെറുംവാക്കായിമാറിയിരിക്കുകയാണ്.
ഹോര്‍ട്ടി കോര്‍പും കുടുംബശ്രീയുമടക്കുള്ള സംവിധാനങ്ങള്‍ വിപണിയിലിടപെടുമെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും വിപണിയിലെ ഇടത്തരക്കാരുടെ പകല്‍കൊള്ള നിയന്ത്രിക്കാന്‍ അധികൃതര്‍ക്കു സാധിക്കുന്നില്ലന്ന ആക്ഷേപം ഉയരുന്നുണ്ട്. കര്‍ഷകരില്‍ നിന്ന് പച്ചക്കറി സംഭരിച്ച് വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം കുറവില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനുള്‍പ്പെടെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.മൂന്നു കോടി രൂപയും അടിയന്തരമായി അനുവദിക്കുകയും ചെയ്തു.
എന്നാല്‍ ഇത് കൊണ്ടൊന്നും വിലക്കയറ്റം പിടിച്ച് നിര്‍ത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."