ഓസീസ് രക്ഷപ്പെട്ടു
റാഞ്ചി: അവസാന ദിനത്തില്‍ ആസ്‌ത്രേലിയയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കി മൂന്നാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹം പൊലിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറികളുമായി നിലകൊണ്ട ഹാന്‍ഡ്‌സ്‌കോംപ് (പുറത്താകാതെ 72), ഷോണ്‍ മാര്‍ഷ് (53) സഖ്യത്തിന്റെ അവസരോചിത ഇന്നിങ്‌സുകളാണു ഓസീസിനു സമനില സമ്മാനിച്ചത്. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. അവസാന ടെസ്റ്റ് ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.
ആദ്യ ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ 451 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 152 റണ്‍സ് ലീഡു വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലായിരുന്നു. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ 129 ണറ്പസ് കൂടി വേണമെന്ന നിലയില്‍ അഞ്ചാം ദിനം തുടങ്ങിയ അവര്‍ക്ക് സ്‌കോര്‍ 59ല്‍ എത്തിയപ്പോള്‍ റെന്‍ഷോയെ നഷ്ടമായി.
താരത്തെ ഇഷാന്ത് ശര്‍മ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. മത്സരത്തിനിടെ വാക്കു കൊണ്ടു ഇഷാന്തുമായി ഉടക്കിയ റെന്‍ഷോ പിന്നീട് ഇഷാന്ത് പന്തെറിയാനായി ഓടിയെത്തിയപ്പോള്‍ ക്രീസില്‍ നിന്നു മാറിയത് ഇന്ത്യന്‍ താരത്തെ ചൊടിപ്പിച്ചു. പ്രകോപനത്തിനു വിലയായി സ്വന്തം വിക്കറ്റ് ഇഷാന്തിനു മുന്നില്‍ അടിയറവയ്ക്കാനായിരുന്നു ഓസീസ് താരത്തിന്റെ യോഗം. റെന്‍ഷോ 15 റണ്‍സെടുത്തു. പിന്നീട് ക്രീസിലെത്തിയ നായകന്‍ സ്റ്റീവന്‍ സ്മിത്തിനും അധികം ആയുസുണ്ടായിരുന്നില്ല. 21 റണ്‍സുമായി നിന്ന സ്മിത്തിനെ ജഡേജ ബൗള്‍ഡാക്കിയതോടെ ഇന്ത്യ വിജയം മണത്തു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഷോണ്‍ മാര്‍ഷ്- ഹാന്‍ഡ്‌സ്‌കോംപ് സഖ്യം ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു വിലങ്ങായി തീരുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 124 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒരു സെഷന്‍ മുഴുവന്‍ വിക്കറ്റു കളയാതെ കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഒടുവില്‍ സ്‌കോര്‍ 187ല്‍ നില്‍ക്കെ മാര്‍ഷിനെ മുരളി വിജയിയുടെ കൈകളിലെത്തിച്ച് ജഡേജയാണു ഈ കൂട്ടുകെട്ട് പൊളിച്ചത്. 197 പന്തുകള്‍ നേരിട്ടാണു മാര്‍ഷ് 53 റണ്‍സെടുത്തത്. പിന്നീടെത്തിയ മാക്‌സ്‌വെല്‍ രണ്ടു റണ്‍സുമായി മടങ്ങിയെങ്കിലും ഹാന്‍ഡ്‌സ്‌കോംപ് ഒരറ്റം കാത്തതോടെ ഇന്ത്യക്ക് വിജയം അകന്നു പോയി. കളി അവസാനിപ്പിക്കുമ്പോള്‍ 200 പന്തുകള്‍ നേരിട്ട് ഹാന്‍ഡ്‌സ്‌കോംപ് 72 റണ്‍സുമായി അപരാജിതമായി നിലകൊണ്ടു. ഒന്‍പതു റണ്‍സുമായി മാത്യു വെയ്ഡ് ഹാന്‍ഡ്‌സ്‌കോംപിനൊപ്പം പുറത്താകാതെ നിന്നു. നേരത്തെ നാലാം ദിനത്തില്‍ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (14), രാത്രി കാവല്‍ക്കാരന്‍ നതാന്‍ ലിയോണ്‍ (രണ്ട്) എന്നിവരുടെ വിക്കറ്റാണു ഓസീസിനു നഷ്ടമായത്.
ആദ്യ ഇന്നിങ്‌സില്‍ ഓസീസിന്റെ അഞ്ചു വിക്കറ്റുകള്‍ പിഴുത രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ പിഴുത് മൊത്തം ഒന്‍പതു വിക്കറ്റുകള്‍ സ്വന്തമാക്കി. അശ്വിന്‍, ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാര ഇരട്ട സെഞ്ച്വറി (202)യും വൃദ്ധിമാന്‍ സാഹ (117) സെഞ്ച്വറിയും നേടിയിരുന്നു. മുരളി വിജയ് (82), കെ.എല്‍ രാഹുല്‍ (67), ജഡേജ (പുറത്താകാതെ 54) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. ഓസീസിനായി ആദ്യ ഇന്നിങ്‌സില്‍ സ്മിത്ത് (178), മാക്‌സ്‌വെല്‍ (104) എന്നിവരും സെഞ്ച്വറി പ്രകടനം പുറത്തെടുത്തു. ഇരട്ട സെഞ്ച്വറി നേടി ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറ പണിഞ്ഞ ചേതേശ്വര്‍ പൂജാരയാണു കളിയിലെ താരം.
നാലാമത്തേയും അവസാനത്തേയും ടെസ്റ്റ് ഈ മാസം 25 മുതല്‍ 29 വരെ ധര്‍മശാലയില്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."