ജില്ലാ സ്റ്റേഡിയം പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
കല്‍പ്പറ്റ: കല്‍പ്പറ്റയ്ക്കു സമീപം മരവയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വ്യവസായ-സ്‌പോര്‍ട്‌സ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദേശിച്ചു. മരവയലില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള 7.83 ഏക്കര്‍ സ്ഥലത്തുനടക്കുന്ന നിര്‍ദിഷ്ട സ്റ്റേഡിയം പ്രവൃത്തികള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.
400 മീ. ട്രാക്ക്, ഇലവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സൗകര്യം എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭൂമി നിരപ്പാക്കല്‍ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. പുല്‍പ്പള്ളിയില്‍, പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറിയ എട്ടേക്കര്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തെ ദേശീയ നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് മികവുറ്റ ദേശീയ ആര്‍ച്ചറി താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആര്‍ച്ചറി അക്കാദമിയായി കേന്ദ്രത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളിലും മറ്റും ഉള്‍പ്പെടുത്തി ഗ്രൗണ്ടില്‍ വികസന പ്രവൃത്തികള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, മുന്‍ പ്രസിഡന്റ് സലീം കടവന്‍, സി.കെ ശിവരാമന്‍, കെ.വി മോഹനന്‍, മുന്‍ കായികാധ്യാപിക വിജയിടീച്ചര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."