രാജകീയമായി ഹാരി-മേഗന്‍ വിവാഹം
ലണ്ടന്‍: രാജകീയമായ ചടങ്ങില്‍ ഹാരി രാജകുമാരനും ഹോളിവുഡ് നടി മേഗന്‍ മാര്‍ക്കിളും വിവാഹിതരായി. ഇംഗ്ലണ്ടിലെ വിന്‍ഡ്‌സോര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കിയായിരുന്നു വിവാഹം ആഘോഷപൂര്‍വം നടന്നത്. ഇനിമുതല്‍ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി സസക്‌സ് പ്രഭുവായും മേഗന്‍ പ്രഭ്വിയായും അറിയപ്പെടും.
പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 12ന് ഹാരിയും മേഗനും പരസ്പരം വിവാഹമോതിരം കൈമാറിയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മേഗന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ അഭാവത്തില്‍ ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരന്‍ മരുമകളെ സെന്റ് ജോര്‍ജ് ചാപ്പല്‍ ഇടനാഴിയിലൂടെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചു. വിവാഹചടങ്ങിനു ശേഷം ഹാരിയും മെര്‍ക്കലും വിന്‍ഡ്‌സോര്‍ ചുറ്റിക്കണ്ടു. ഇവിടെ പൊതുജനങ്ങള്‍ക്കു നവദമ്പതികളെ കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. സഹോദരനും രണ്ടാം കിരീടാവകാശിയുമായ കേംബ്രിജ് പ്രഭു വില്യം രാജകുമാരന്‍ ഉറ്റതോഴനായി ഹാരിയുടെ കൂടെയുണ്ടായിരുന്നു. അമേരിക്കന്‍ നടിയും അവതാരകയുമായ ഓപ്ര വിന്‍ഫ്രെ, ബ്രിട്ടീഷ് ഗായകന്‍ എല്‍ട്ടന്‍ ജോണ്‍, അഭിനേതാക്കളായ ഇദ്രീസ് എല്‍ബ, ജോണ്‍ ക്ലൂണി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, കായികലോകത്തു നിന്ന് സെറീന വില്യംസ്, ഡെവിഡ് ബെക്കാം തുടങ്ങിയവരെല്ലാം രാജകീയ വിവാഹത്തിനു സാക്ഷിയായി. എലിസബത്ത് രാജ്ഞിയുടെ മൂത്തമകന്‍ ചാള്‍സ് രാജകുമാരന്റെയും കാറപകടത്തില്‍ മരിച്ച ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് ഹാരി. ഹാരിയെക്കാള്‍ മൂന്നു വയസിനു മൂത്തതാണ് മേഗന്‍. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇവര്‍ കഴിഞ്ഞ നവംബര്‍ 27നാണു വിവാഹതീരുമാനം പരസ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."