സ്വകാര്യബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു
ആലപ്പുഴ: ആലപ്പുഴ വഴിച്ചേരിയിലെ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ആലപ്പുഴ ഇരട്ടകുളങ്ങര റൂട്ടീല് സര്‍വിസ് നടത്തുന്ന ഫിര്‍ദൗസ് ബസിലെ കണ്ടക്ടര്‍ കൊറ്റംകുളങ്ങര ശങ്കരശേരി വീട്ടില്‍ ഷമീര്‍ (28), ഡ്രൈവര്‍ സൗത്ത് ആര്യാട് ചേര്‍ത്തല വെളിയില്‍ സുനീര്‍ (31) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ക്രൗണ്‍ ബസിലെ ഡ്രൈവര്‍ പുന്നപ്ര കിഴക്കേ തയ്യില്‍ നജീബ് (27) നെ ആലപ്പുഴ നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ, ഇന്നലെ ഉച്ചക്ക് രണ്ടിന് ശേഷം ബസുകളുടെ സമയക്രമത്തെപ്പറ്റി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ സംസാരിക്കുകയും തുടര്‍ന്ന് പരസ്പരം വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.
ഇതിനിടയില്‍ നജീബിന്റെ കൈവശം ഉണ്ടായിരുന്ന കീച്ചെയിന് ഉപയോഗിച്ച് ഷമീറിനെയും സുധീറിനെയും കുത്തുകയായിരുന്നു. കൈകള്‍ക്കു തോളിനുമാണ് ഇരുവര്‍ക്കും കുത്തേറ്റിരിക്കുന്നതെന്നും പൊലിസ് അറിയിച്ചു.
അതേ സമയം സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സമയക്രമത്തെ ചൊല്ലിയും മറ്റും സംഘര്‍ഷം പതിവാകുകയാണ്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ചീറിപ്പായുന്ന ബസുകള്‍ യാത്രക്കാരില്‍ ഭീതി സൃഷ്ടിക്കുന്നു.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരില്‍ ചിലര്‍ ബസ് ജീവനക്കാരിലുണ്ട്. ഇവര്‍ ഗുണ്ടായിസം കാട്ടുന്നതായും അനാവശ്യ സംഘര്‍ഷങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതായും ബസ് ജീവനക്കാര്‍ തന്നെ പറയുന്നു.
എന്നാല്‍ നിരത്തുകളില്‍ അമിത വേഗത്തിലോടുന്ന ബസുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലിസും തയാറാകുന്നില്ലെന്ന് യാത്രക്കാരും പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."