സ്വകാര്യ ബസുകള്‍ വാതില്‍ തുറന്നിട്ട് മരണപ്പാച്ചില്‍ നടത്തുന്നതായി പരാതി
തുറവൂര്‍: സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ വര്‍ധിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ച് വാതിലുകള്‍ തുറന്നുവച്ചും സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുകയാണ്.
ഇടുങ്ങിയ റോഡുകളിലൂടെ കൊടുംവളവുകള്‍ തിരിയുമ്പോള്‍ യാത്രക്കാര്‍ താഴെ വീഴാനുള്ള സാധ്യത കൂടുതലാണ്. മത്സരയോട്ടം നടത്തുന്ന ബസുകളില്‍ വാതിലില്‍ ക്ലിനര്‍മാര്‍ കൈകൊണ്ട് തീര്‍ക്കുന്ന മറ മാത്രമാണ് സംരക്ഷണം. ചേര്‍ത്തലയില്‍നിന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ, മുഹമ്മ, തണ്ണീര്‍മുക്കം, കണിച്ചുകുളങ്ങര, അരൂര്‍മുക്കം, കുമ്പളങ്ങി, അരൂക്കുറ്റി, തവണക്കടവ് എന്നി സ്ഥലങ്ങളിലേക്ക് 170 ബസുകളാണ് സര്‍വീസ് നടത്തുന്നത്.
എരമല്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന ഇരുപതോളം ബസുകള്‍ വേറെയുമുണ്ട്. ഇതില്‍ മിക്ക ബസുകളും വാതിലുകള്‍ തുറന്നു വച്ചും ഇളക്കി മാറ്റിവച്ചുമാണ് സര്‍വീസ് നടത്തുന്നത്. തിരക്കുള്ള രാവിലെയും വൈകിട്ടും വാതിലില്‍ തൂങ്ങിക്കിടന്നു യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.
ഇത്തരം ബസുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന ബസുകളെ പിടികൂടാന്‍ രണ്ട് പ്രത്യേക സ്‌ക്വാഡുകള്‍ രൂപവല്‍ക്കരിച്ചു പരിശോധന നടത്തി വരുന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ ചേര്‍ത്തല ഓഫീസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."