കര്‍ണാടകയില്‍ ജനാധിപത്യത്തിന്റെ വിജയം: രജനീകാന്ത്
ചെന്നൈ: കര്‍ണാടകത്തിലെ രാഷ്ട്രീയ വിജയത്തെ പുകഴ്ത്തി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ജനാധിപത്യത്തിന്റെ വിജയമാണ് യെദ്യൂരപ്പയുടെ രാജിയിലൂടെ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രജനി മക്കള്‍ മണ്‍റത്തിന്റെ വനിതാവിഭാഗം പരിപാടിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ണാടക ഗവര്‍ണറുടെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. സുപ്രീം കോടതിയെ പുകഴ്ത്തുകയും ചെയ്തു.
യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയ ഗവര്‍ണറുടെ തീരുമാനം ഒട്ടും ശരിയായില്ല. അദ്ദേഹം രാഷ്ട്രീയം കളിക്കുകയായിരുന്നു. എന്നാല്‍ സുപ്രിംകോടതി കൃത്യമായ ഇടപെടലുകളാണ് നടത്തിയത്. 15 ദിവസം എന്ന സമയം തള്ളിക്കളഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ സുപ്രിം കോടതി ജനാധിപത്യത്തെ സംരക്ഷിച്ചിരിക്കുകയാണെന്ന് നടന്‍ വ്യക്തമാക്കി.
അതേസമയം കര്‍ണാടകത്തില്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും കാവേരി നദീജല വിഷയം സംബന്ധിച്ച സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്നും രജനി ആവശ്യപ്പെട്ടു. സാങ്കേതികത്വം പറഞ്ഞ് ഇത് തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയ പ്രവേശനത്തിന് സ്ത്രീകളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.സ്ത്രീകള്‍ ഏതെല്ലാം മേഖലയിലുണ്ടോ അവിടെയെല്ലാം ജയം അവര്‍ക്ക് മാത്രമായിരിക്കുമെന്നും രജനി വ്യക്തമാക്കി.2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം സമയം വരുമ്പോള്‍ തീരുമാനിക്കും.
തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. പക്ഷേ ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ അതിനെ നേരിടാനും പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാനും ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പാര്‍ട്ടിക്ക് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യമുണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും സമയം വരുമ്പോള്‍ എല്ലാം ശരിയാവുമെന്നും രജനി പറഞ്ഞു. അതിനിടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച തമിഴ് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് മുന്നറിയിപ്പുമായി നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിലെ ജനതയ്ക്ക് വേണ്ടി രജിനികാന്തിന് ഒന്നും ചെയ്യാനാകില്ലെന്നും അവിടെ സ്റ്റാലിനാണ് നേതാവെന്നുമാണ് സിന്‍ഹ പറഞ്ഞത്. രാഷ്ട്രീയം റോസാപ്പു മെത്തയെല്ലെന്ന മുന്നറിയിപ്പും ശത്രുഘ്‌നന്‍ സിന്‍ഹ നല്‍കി. കമല്‍ഹാസനും രജനീകാന്തും തന്റെ അടുത്ത സുഹൃത്തുക്കളാണ്.എന്നാല്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പായി തന്റെ ഉപദേശം തേടിയില്ല. രാഷ്ട്രീയത്തിലെ കെണികള്‍ മനസിലാക്കണം. തന്നെ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നാണ് പറഞ്ഞത്. എന്നാല്‍ നറുക്ക് വീണത് ഒരു സീരിയല്‍ നടിക്കാണ്. ഇതാണ് രാഷ്ട്രീയമെന്നും അദ്ദേഹം സൂപ്പര്‍ താരങ്ങളെ ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."