ആയിരവില്ലിയിലെ ഖനനാനുമതിക്കെതിരേ സമരസമിതി വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയില്‍
തിരുവനന്തപുരം: കരിങ്കല്‍ ക്ഷാമത്തിന് പരിഹാരം കാണാനാവാത്തത് വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നു. നഗരൂരിലെ ആയിരവില്ലിപ്പാറയില്‍ ഖനനാനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തമായതോടെ വിഴിഞ്ഞം പദ്ധതിക്ക് കരിങ്കല്ല് എത്തിക്കാനാവാത്ത സ്ഥിതിയിലാണ്. ഇതോടെ 2019 ഓക്ടോബറില്‍ വിഴിഞ്ഞത്ത് കപ്പല്‍ അടുക്കില്ലെന്ന് ഉറപ്പായി.
കരിങ്കല്ല് ക്ഷാമം നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്നതായി കരാറുകാരായ അദാനി ഗ്രൂപ്പ് പരാതിപ്പെട്ടതോടെയാണ് ആയിരവില്ലിപ്പാറയില്‍ ഉള്‍പ്പടെ ക്വാറികള്‍ക്ക് സര്‍ക്കാര്‍ ഖനാനുമതി നല്‍കിയത്.
എന്നാല്‍, ഖനനത്തിനെതിരേ സമരസമിതി രൂപീകരിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി രംഗത്തു വന്നത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി. പ്രശ്‌ന പഹിരാഹരത്തിന് തഹസില്‍ദാറും ജില്ലാകലക്ടറും സര്‍വകക്ഷിയോഗം വിളിച്ചു ചര്‍ച്ച നടത്തിയെങ്കിലും അനുനയശ്രമം വിജയിച്ചില്ല.
സി.പി.എം ഒഴികെ ആരും തന്നെ ഖനനത്തെ അനുകൂലിക്കുന്നില്ല. ഇതിനിടെ ഖനനവുമായി ബന്ധപ്പെട്ടു എ.ഡി.എമ്മിനെതിരേ ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉയര്‍ന്നതും എതിര്‍പ്പ് രൂക്ഷമാക്കി.
കരിങ്കല്ല് ക്ഷാമം രൂക്ഷമായതോടെ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്. ആയിരവില്ലി പ്രദേശത്ത് ഒരുതരത്തിലും ഖനനം അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി.
കരിങ്കല്‍ ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കാനായില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം അനിശ്ചിതത്വത്തിലാകും. തുറമുഖ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കണമെന്ന ആവശ്യം അദാനി പോര്‍ട്ട് ഉയര്‍ത്തിയിരുന്നു.
കരിങ്കല്ല് ക്ഷാമവും ഓഖി ദുരന്തവുമൊക്കെയാണ് സമയം നീട്ടിനല്‍കാന്‍ കാരണമായി സര്‍ക്കാരിന് മുന്നില്‍ വച്ചത്. എന്നാല്‍, ആവശ്യം തള്ളിയ സര്‍ക്കാര്‍ ക്ഷാമം മറികടക്കാന്‍ കൂടുതല്‍ ക്വാറികള്‍ക്ക് ഖനാനുമതി നല്‍കുകയായിരുന്നു. എന്നാല്‍, ഖനനാനുമതിക്കെതിരേ പ്രദേശവാസികള്‍ സമരസമിതി രൂപീകരിച്ചു രംഗത്ത് വന്നത് അദാനി ഗ്രൂപ്പിന് അുഗ്രഹമായപ്പോള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."