ആന്ത്രോപ്പോളജി ദക്ഷിണമേഖലാ ഓഫിസ് വയനാട്ടില്‍: മന്ത്രി
കല്‍പ്പറ്റ: പാരമ്പര്യ രോഗമായ സിക്കിള്‍സെല്‍ അനീമിയ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ആന്ത്രോപ്പോളജി ദക്ഷിണേന്ത്യന്‍ മേഖലാ ഓഫിസ് വയനാട്ടില്‍ തുടങ്ങുമെന്നു പട്ടികജാതി-വര്‍ഗ വികസനവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
അനുബന്ധ ഉപകരണങ്ങളും ജില്ലയിലൊരുക്കും. ഇതിന്റെ ഉപശാഖ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയില്‍ സാക്ഷരരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും രണ്ടാംഘട്ടം ഉദ്ഘാടനവും കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അരിവാള്‍ രോഗം തടയാന്‍ ശാസ്ത്രീയ പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് നടപടി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രൂപം നല്‍കിയതില്‍ പ്രധാനപ്പെട്ടതാണ് ലൈഫ് പദ്ധതി. ഇതില്‍ മുന്തിയ പരിഗണന കൊടുക്കുന്ന വിഭാഗമാണ് ആദിവാസികള്‍. കേന്ദ്ര വനാവകാശ നിയമപ്രകാരം ജില്ലയില്‍ 5500ഓളം ആദിവാസികള്‍ക്ക് ഭൂമി നല്‍കി. ആറായിരത്തോളം ആദിവാസികള്‍ക്ക് ഇനിയും ഭൂമി കിട്ടണം. കേരളത്തില്‍ 11,500 കുടുംബങ്ങള്‍ക്കു ഭൂമി കിട്ടേണ്ടതുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ ഇവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊഴിഞ്ഞുപോക്ക് പരിഹരിക്കാന്‍ രൂപം നല്‍കിയ ഗോത്രബന്ധു പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ആദിവാസി വിഭാഗത്തിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥ ഒഴിവാകും. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലിസ്, എക്‌സൈസ് വകുപ്പുകളില്‍ 100 പേരെ നിയമിച്ചു. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്കാണ് ഇതില്‍ പ്രാമുഖ്യം നല്‍കിയത്. ജില്ലയില്‍ 69 പേര്‍ക്ക് അവസരം ലഭിച്ചു. ഗോത്രജീവിക പദ്ധതി പ്രകാരം നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആദിവാസി വിഭാഗത്തിന് പരിശീലനം നല്‍കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആദ്യം വേണ്ടത് ഭൂമിയും തൊഴിലും വിദ്യാഭ്യാസവുമാണ്. ഈ മേഖലകള്‍ക്കു സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സാക്ഷരതാ പ്രേരക്മാര്‍, പട്ടികജാതി-വര്‍ഗ മേഖലയിലെ വോളന്റിയര്‍മാര്‍ എന്നിവരുടെ വേതനം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ.പി.എസ് ശ്രീകല പദ്ധതി വിശദീകരണം നടത്തി. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് കെ. മിനി, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി. ഉഷാകുമാരി, എ. ദേവകി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ഖാദര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ.ജെ ലീന, സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എന്‍ ബാബു, അസി.കോഡിനേറ്റര്‍ സ്വയ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."