പിതാവിന്റെ സമ്മാനപ്പൊതി വാങ്ങാന്‍ കാത്തിരിക്കാതെ അസ്‌ല യാത്രയായി
കൊയിലാണ്ടി: പിതാവ് ഷബീര്‍ കരുതിവച്ച സമ്മാനപ്പൊതി കാണാനാകാതെ വിട്ടകന്ന മകള്‍ അസ്‌ല ഷെഹറിന് നാട്ടുകാരുടെ നിറനയനങ്ങളോടെയുള്ള യാത്രാമൊഴി.
കഴിഞ്ഞ ദിവസം തിക്കോടിക്കടുത്തു പാലൂരില്‍ വച്ചുണ്ടായ അപകടത്തിലാണ് ഷബീറിന്റെ രണ്ടു മക്കളില്‍ മൂത്തവളായ അഞ്ചു വയസുകാരി അസ്‌ല മരിച്ചത്. സ്‌കൂളില്‍ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു തെളിയിച്ച അസ്‌ല കുടുംബത്തിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനു കഴിഞ്ഞ ദിവസം വടകരയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു.
അവിടെ നിന്നു പരീക്ഷ എഴുതുന്നതിനായി കൊയിലാണ്ടിയിലെ ഖല്‍ഫാന്‍ നഴ്‌സറിയിലേക്കു കാറില്‍ പുറപ്പെടുന്നതിനിടെയാണ് അപകടം നടന്നത്.
കുവൈത്തില്‍ ജോലി ചെയ്യുന്ന പിതാവ് ഷബീര്‍ നഴ്‌സറി ഫെസ്റ്റില്‍ ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടിയ മകള്‍ക്ക് കൊടുത്തയക്കുന്നതിനായി ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ കഴിഞ്ഞ ദിവസമാണ് വാങ്ങിയത്. എന്നാല്‍ അതു വാങ്ങാന്‍ കാത്തുനില്‍ക്കാതെ അവള്‍ യാത്രപറയുകയായിരുന്നു.
മകളെ അവസാനമായി കാണാന്‍ രാത്രിയോടെയാണ് ഷബീര്‍ നാട്ടിലെത്തിയത്. അസ്‌ല ഷെഹറിന്റെ മയ്യിത്ത് കൊല്ലം പാറപ്പള്ളി ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
അപകടത്തില്‍ മരിച്ച അദ്‌നാന്റെ പിതാവ് കൊയിലാണ്ടി വിരുന്ന്ക്കണ്ടി ഇബ്‌നുവും ഷബീറിനൊപ്പം കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഇബ്‌നുവും രാത്രിയോടെ മകനെ കാണാന്‍ നാട്ടിലെത്തി. അദ്‌നാന്റെ മയ്യിത്ത് കൊയിലാണ്ടി മീത്തലക്കണ്ടി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."