വീട് വയ്ക്കുന്നതിനായി ചതുപ്പ് നിലം മണ്ണിട്ടു നികത്തുന്നത് വീണ്ടും തടഞ്ഞു
ഫറോക്ക്: വീട് വയ്ക്കുന്നതിനായി വാങ്ങിയ സ്ഥലത്ത് മണ്ണിട്ടു നികത്തുന്നത് വീണ്ടും നാട്ടുകാര്‍ തടഞ്ഞു. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നു ജില്ലാ കലക്ടര്‍ നേരിട്ടു ഇടപെട്ടു ആര്‍.ഡി.ഒ. ഉള്‍പ്പെടെയുളളവരെ അന്വേഷണത്തിനു ചുമതലപ്പെടുത്തി.രാമനാട്ടുകര നഗരസഭയിലെ 6-ാം ഡിവിഷനിലുള്‍പ്പെടുന്ന മുടക്കഴിത്താഴത്താണ് സംഭവം. ഇവിടെ ഭൂമി വാങ്ങിയ എട്ട് നിര്‍ദ്ധന കുടുംബങ്ങള്‍ വീട് വയ്ക്കുന്നതിനായി മണ്ണിട്ടു നികത്താന്‍ ശ്രമിച്ചത് തിങ്കളാഴ്ചയും തടഞ്ഞിരുന്നു.
ഇന്നലെ രാവിലെ എട്ടോടെ മണ്ണുമായി എത്തിയ രണ്ടു ലോറികള്‍ തടഞ്ഞുവെച്ചു ശേഷം പൊതു റോഡ് കല്ലുവെച്ചു തടസ്സപ്പെടുത്തി. വണ്ടി പോലും നല്‍കാത്ത സാഹചര്യത്തില്‍ ഭൂ ഉടമകളായ സ്ത്രീകളുള്‍പ്പെടെയുളളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ഫറോക്ക് പൊലിസെത്തി തടസം നീക്കിപ്പിച്ചു. സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിനെ തുടര്‍ന്നു ആര്‍.ഡി.ഒയുടെ നിര്‍ദേശം പ്രകാരം മണ്ണിടുന്നത് നിര്‍ത്തിവച്ചു. ഇതോടെ ഭൂ ഉടമകളൊന്നിച്ചു ജില്ലാ കലക്ടറോട് പരാതിപ്പെട്ടു. കലക്ടര്‍ എതിര്‍പ്പുളള നാട്ടുകാരെയും വിളിപ്പിച്ചു. ഇതോടൊപ്പം ആര്‍.ഡി.ഒ, കൃഷി ഡെപ്പ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുളളവരോട് സംഭവസ്ഥലം സന്ദര്‍ശിച്ചു ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു.
അധികൃതര്‍ കാര്യങ്ങള്‍ അന്വേഷിച്ചു. ഭൂമി ഡാറ്റബാങ്കില്‍ ഉള്‍പ്പെട്ടതല്ലെന്നും ഭൂ ഉടമകള്‍ക്ക് വീട് വയ്ക്കാന്‍ മറ്റുമാര്‍ഗമില്ലാത്തതിനാല്‍ നഗരസഭയുടെയും കൃഷി വകുപ്പിന്റെയും അനുമതിയുണ്ടെന്നും അറിവായിട്ടുണ്ട്. അതെ സമയം എട്ട് പേരുടെ പേരിലുളള 32 സെന്റ് സ്ഥലം മണ്ണിട്ടു നികത്തിയാല്‍ പ്രദേശത്ത് കുടിവെളള ക്ഷാമമുണ്ടാകുമെന്നാണ് പരിസരവാസികളുടെ വാദം.
ഇതിനിടെ വിവരങ്ങള്‍ ആരായാനെത്തിയ ഉദ്യോഗസ്ഥ സംഘത്തോട് വീട് വയ്ക്കുന്നതിനായി മണ്ണിട്ടു നികത്തുന്നവര്‍ക്ക് അനൂകൂലമായി ഒരു കുടുംബം രംഗത്തു വന്നിരുന്നു. ഈ കുടുംബത്തിലെ സഹോദരിമാരായ മുടക്കഴിത്താഴത്ത് റുഖിയ്യ, ജമീല എന്നിവരെ വൈകീട്ടു പ്രദേശത്തെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇവര്‍ ഫറോക്ക് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."