ചായം പൂശി വ്യത്യസ്ഥനായി ജനനായകന്‍
പാലക്കാട്: പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവസമൂഹത്തിന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാതൃകയാവുകയാണ് പൊതുപ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത. പഠന കാലഘട്ടം മുതല്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ബോബന്‍ പിന്നീട് കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗങ്ങളില്‍ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.
പാലക്കാട് നഗരസഭയുടെ 150ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'നഗരം പിന്നിട്ട നാള്‍വഴികള്‍' എന്ന പാലക്കാടിന്റെ പഴമ തൊട്ടറിഞ്ഞ പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതില്‍ നേതൃത്വം വഹിച്ചു. എം.ടി വാസുദേവന്‍ നായര്‍, ഒ.വി വിജയന്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം അറിയിച്ച ഈ പുസ്തകത്തിന്റെ അണിയറയിലെ പ്രധാന പങ്കും വഹിച്ചതും ബോബന്‍ മാട്ടുമന്തയായിരുന്നു. ആധികാരികമായ രേഖകളുടെ പിന്‍ബലത്തോടെ നിര്‍മിക്കപ്പെട്ട ഈ പുസ്തകം പാലക്കാടിന്റെ യഥാര്‍ഥ ചരിത്രം വിളിച്ചോതുന്നതാണ്.
അനേകായിരം ജനങ്ങളുടെ കുടിവെള്ളസ്രോതസും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പ്രധാന ജല സ്രോതസുമായ മലമ്പുഴ ഡാമില്‍ നിന്നും വ്യാവസായികാവശ്യത്തിനായി കഞ്ചിക്കോട് കിന്‍ഫ്രാ കമ്പനിയിലേക്ക് വെള്ളം കൊണ്ടുപോകുന്നത് തടയുന്നതിനായി കിന്‍ഫ്ര പൈപ്പ്‌ലൈന്‍ വിരുദ്ധ സമരസമിതി രൂപീകരിച്ചതില്‍ പ്രമുഖസ്ഥാനം വഹിച്ചു.
ഇതിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കിന്‍ഫ്ര കമ്പനിയില്‍ നിന്നും പൈപ്പ് ലൈന്‍ കൊണ്ടു വന്നിരുന്ന ലോറി തടയുകയും ഇതിന്റെ സമരമുഖങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഒരു പെയിന്റിങ് തൊഴിലാളിയായ ബോബന്‍ കേവലം ചുമരുകള്‍ക്കു മാത്രമല്ല, താന്‍ ജീവിക്കുന്ന ചുറ്റുപാടുകളിലെ പൈതൃകത്തിന് നിറം പൂശാനും ഇളകിപോയതിനെ തിരിച്ചുകൊണ്ടുവരാനും മറന്നില്ല.
അതിന് നല്ലൊരു ഉദാഹരണമാണ് ഒലവക്കോട് ദശാബ്ദങ്ങള്‍ക്കു മുമ്പേ ഉണ്ടായിരുന്ന ദിശാസൂ. പി.ഡബ്ല്യു.ഡി വര്‍ക്കിനിടെ തുടച്ചുമാറ്റപ്പെടുകയും ഭരണകൂടം അതിനോട് നിശബ്ദമായി നില്‍ക്കുകയും ചെയ്തപ്പോള്‍ അതിനെതിരേ ശബ്ദമുയര്‍ത്തുകയും അത് പുനഃസ്ഥാപിക്കാന്‍ സമരം ചെയ്യുകയും ചെയ്തത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത രാജ്യത്തെ ആദ്യത്തെ കര്‍ഷക സമരമായ ചമ്പാരന്‍ സമരത്തിന്റെ 100ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ചമ്പാരന്‍' എന്ന നാടകം ഡോ. കെ.വി മനോജിന്റെ രചനയില്‍ ബോബന്‍ മാട്ടുമന്ത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്നതിലുപരി സാംസ്‌കാരിക-പാരിസ്ഥിതിക മേഖലകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇദ്ദേഹം ഇപ്പോള്‍ 1900 കാലത്തെ കല്‍പ്പാത്തി അഗ്രഹാരത്തിലേക്കുള്ള ഈഴവ സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ചുണ്ടായ ഈഴവ സമരം ആസ്പദമാക്കിയുള്ള 'കല്‍പ്പാത്തിയുടെ കാണാപ്പുറങ്ങള്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അഴിമതിക്കെതിരേയുള്ള നിരവധി സമരമുഖങ്ങളില്‍ നേതൃത്വസ്ഥാനം വഹിച്ച ഇദ്ദേഹം ഒരു സാധാരണ കുടുംബത്തിലെ പെയിന്റിങ് തൊഴിലാളിയാണ്. ഭാര്യ റിമ്‌ന, മക്കള്‍ ഏകലവ്യ, ഇതിഹാസ്, ബുദ്ധദേവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."