വനിതാ പൊലിസ് ബറ്റാലിയന്‍ ആസ്ഥാനം: നിര്‍മാണ പ്രവര്‍ത്തനം അന്തിമഘട്ടത്തില്‍
കഠിനംകുളം: സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ തുടക്കം കുറിച്ച വനിതാ പൊലിസ് ബെറ്റാലിയന്‍ ആസ്ഥാനം മേനംകുളത്ത് ഉടന്‍ പ്രവര്‍ത്തിച്ച് തുടങ്ങും.
തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തുള്ള സിഡ്‌കോയുടെ 28 ഏക്കര്‍ ഭൂമിയില്‍ 10 ഏക്കറാണ് വനിതാ പൊലിസ് ബെറ്റാലിയന്‍ ആസ്ഥാനത്തിനായി വ്യവസായ വകുപ്പ് ക്കൈമാറിയിട്ടുള്ളത്. 35-ാം ദേശീയ ഗെയിംസിന് എത്തിയ കായിക താരങ്ങള്‍ക്ക് താമസിക്കാനൊരുക്കിയ ഇവിടുത്തെ ഗെയിംസ് വില്ലേജിലെ 10 ഏക്കറിലുള്ള ഏകദേശം നൂറ് കോട്ടേജുകളാണ് ഇതിനകം കൈമാറിയിട്ടുള്ളത്. പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍നിച്ച വില്ലകളുടെ അറ്റകുറ്റപ്പണിയും പെയ്യിന്റിങ് ജോലികളും അവസാന ഘട്ടത്തിലാണ്. ഇവിടെ തന്നെയാണ് വനിതാ ബറ്റാലിയന് ആവിശ്വമായ മെസ്സും മറ്റ് അഡ്മിനിസ്‌ട്രേഷന്‍ ബ്‌ളോക്കുകളും പ്രവര്‍ത്തിക്കുന്നത്.
ബറ്റാലിയന് വിട്ട് നല്‍കിയ നൂറ് വില്ലകളെ ഒന്നിപ്പിച്ച് കൊണ്ടുള്ള കോംപൗണ്ട് വാളിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണ്. കേരളത്തിലെ ആദ്യ വനിതാ ബെറ്റാലിയന്‍ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ജൂണ്‍ അവസാനത്തിലോ ജൂലൈ ആദ്യവാരത്തിലോ നടത്താനുള്ള ശ്രമത്തിലാണു ബന്ധപ്പെട്ടവര്‍.
തൃശൂര്‍ പൊലിസ് അക്കാദമിയില്‍ നിന്ന് 580 വനിതകളാണ് 9 മാസത്തെ പരിശീലനം കഴിഞ്ഞ് വനിതാ ബെറ്റാലിയന്‍ ആസ്ഥാനത്തെത്തുന്നത്. വനിതാ പൊലിസ് കാര്‍ക്ക് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ മാതൃകയില്‍ പരിശീലനം നല്‍കി കമാന്‍ഡോ പ്ലറ്റൂണ്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമാന്‍ഡോ യൂനിറ്റ് തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. ഗെയിംസ് വില്ലേജിന്റെ ഉപയോഗം കഴിഞ്ഞതോടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ വരുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ജനങ്ങള്‍ക്ക് കൂടി തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ വ്യവസായശാലകള്‍ വരണമെന്ന ജനങ്ങളുടെ ആവശ്യവും ശക്തമായിരുന്നു.
ഇതിനിടെയാണ് വനിതാ പൊലിസ് ബറ്റാലിയന് വേണ്ടി 10 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. അവശേഷിക്കുന്ന 18 ഏക്കര്‍ ഭൂമി രാജ്യാന്തര സ്‌കൂളിന് വേണ്ടി കൈമാറാനാണ് സാധ്യത.
നേരത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിനായി നിലനിര്‍ത്തിയ 10 ഏക്കറാണ് ഇപ്പോള്‍ വനിതാ ബെറ്റാലിയന്‍ ആസ്ഥാനമായി മാറാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."