മുയല്‍കൃഷി: ആദായത്തിനൊപ്പം ആഹ്‌ളാദവും
മറ്റു കൃഷികളില്‍ നിന്നു വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുളളില്‍ ആദായമെടുക്കാവുന്ന കൃഷിയാണ് മുയല്‍കൃഷി. ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകുമെന്നതിനാല്‍ മുയല്‍കൃഷി ഏറെ ലാഭകരവുമാണ്. രോഗപ്രതിരോധശേഷി കുറഞ്ഞ മൃഗമായതിനാല്‍ അല്‍പ്പം കരുതല്‍ വേണമെന്നു മാത്രം.
മുയലിറച്ചിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ എന്നതിനാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ മുയല്‍കൃഷിയിലേക്ക് ഇറങ്ങാവുന്നതാണ്. കൊഴുപ്പുകുറഞ്ഞ ഇറച്ചിയായതിനാല്‍ ജീവിതശൈലീരോഗങ്ങള്‍ ഭൂരിഭാഗം ആളുകളെയും കീഴടക്കിയ ഇക്കാലത്ത് വിപണിയെയും ഭയക്കേണ്ടതില്ല. മുയലിറച്ചിയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഒഴിവാക്കുകയും ചെയ്യുന്നതിനാല്‍ മറ്റു മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഭക്ഷിക്കാം.
ഇറച്ചിക്കും അലങ്കാരത്തിനുമായി വളര്‍ത്തുന്ന വിദേശ ഇനങ്ങളായ ഗ്രേ ജയന്റ്, സോവിയറ്റ് ജിഞ്ചില, വൈറ്റ്ജയന്റ്, ന്യൂസിലാന്റ് വൈറ്റ്, അംഗോറ, ഇവയുടെ സങ്കരയിനങ്ങള്‍ തുടങ്ങി ഏതിനത്തിനെയും വളര്‍ത്താവുന്നതാണ്.
മൂന്ന് സെന്റ് ഭൂമിയില്‍ എട്ട് പെണ്‍മുയലും രണ്ട് ആണ്‍മുയലുമടങ്ങുന്ന അഞ്ച് യൂണിറ്റ് മുയലുകളെ വളര്‍ത്താവുന്നതാണ്. വൃത്തിയുള്ള കൂടും പരിസരവുമാണ് അത്യാവശ്യം. കമ്പിക്കൂടിനകത്താണു മുയലുകളെ വളര്‍ത്തുന്നത്. ഒരു കൂട്ടില്‍ ഒരു മുയലിനെ വളര്‍ത്തുന്ന രീതിയില്‍ കൂടുകള്‍ തയാറാക്കുന്നതാണ് നല്ലത്. ഒരുമിച്ചിട്ടാല്‍ കടികൂടാനും ദേഹം മുറിയാനും സാധ്യതയുണ്ട്. മുയലുകള്‍ക്കു രണ്ടുനേരവും ഭക്ഷണം കൊടുക്കണം. പല തരത്തിലുള്ള പച്ചിലകളും പുല്ലുകളും നല്‍കാം. എന്നാല്‍ എല്ലാ ഇലകളും നല്‍കാന്‍ പാടില്ല. വിവിധ തരം പിണ്ണാക്കുകള്‍, പായ്ക്കറ്റില്‍ വാങ്ങുന്ന മുയല്‍ത്തീറ്റ എന്നിവയും നല്‍കാം. കൂട്ടില്‍ 24 മണിക്കൂറും വെള്ളം വേണം.
6-8 മാസം പ്രായമാകുമ്പോള്‍ ഇണചേര്‍ക്കാം. പെണ്‍മുയലിനെ ആണ്‍മുയലിന്റെ കൂട്ടില്‍ ഇട്ടാണ് ഇണചേര്‍ക്കേണ്ടത്. മുയലുകളുടെ ഗര്‍ഭകാലം ഇണചേര്‍ത്ത് 28 മുതല്‍ 32 വരെ ദിവസങ്ങളാണ്. ഗര്‍ഭിണിയാണെങ്കില്‍ 23ാം ദിവസം മുതല്‍ സ്വന്തംരോമവും പുല്ലും ഉപയോഗിച്ച് പ്രസവഅറ ഒരുക്കിത്തുടങ്ങും. 28ാം ദിവസം പ്രസവിക്കുന്നതിനു പ്രത്യേകം തയാറാക്കിയ പെട്ടി കൂട്ടില്‍ വെച്ചുകൊടുക്കേണ്ടതാണ്. മുയലുകള്‍ അവയുടെ രോമം പറിച്ചെടുത്ത് പെട്ടിക്കകത്ത് ബെഡ് ഉണ്ടാക്കി അതിലാണ് പ്രസവിക്കുക. ഒരു പ്രസവത്തില്‍ ഏഴു മുതല്‍ പത്തുവരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും. പെണ്‍മുയലുകള്‍ വര്‍ഷത്തില്‍ ശരാശരി ഒന്‍പതു തവണ പ്രസവിക്കും.
കുഞ്ഞുങ്ങള്‍ 15 ദിവസം പ്രായമാകുമ്പോള്‍ തള്ളമുയലിന്റെ ഭക്ഷണം ചെറിയ അളവില്‍ കഴിച്ചുതുടങ്ങും. രണ്ടാഴ്ചയ്ക്കു ശേഷം ബോക്‌സ് എടുത്തു കുഞ്ഞുങ്ങളെ വേറെ കൂടുകളിലേക്കു മാറ്റണം. മൂന്നുമാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്ന് കിലോക്കടുത്ത് തൂക്കം വരും. ഈ സമയത്താണ് വില്‍ക്കുക.
മുയല്‍ വളര്‍ത്താനുദ്ദേശിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മുയലുകള്‍ക്കടുത്തേക്ക് ആളുകളെ അധികം അടുപ്പിക്കരുതെന്നാണ്. കാരണം ആളുകളുടെ അമിതസാമീപ്യം മുയലുകള്‍ക്ക് ആരോഗ്യകരമല്ല.
ശ്വാസകോശത്തെ ബാധിക്കുന്ന പാസ്ചുറെല്ലാരോഗം, കരളിനെ ബാധിക്കുന്ന കോക്‌സീഡിയ രോഗം, അകിടുവീക്കം, തൊലിപ്പുറത്തുണ്ടാകുന്ന ചൊറി, പുഴുക്കടി എന്നിവയാണു പ്രധാന രോഗബാധകള്‍. ശുചിത്വം പാലിക്കുകയാണ് മുയലുകളെ രോഗങ്ങളില്‍ നിന്നും അകറ്റാനുള്ള പ്രധാന വഴി. കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ്, മണ്ണുത്തി, റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍, പീലിക്കോട്,കാസര്‍ഗോഡ്, ഡിസ്ട്രിക്ട് ലൈവ്‌സ്റ്റോക്ക് ഫാം, കുടപ്പനക്കുന്ന്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മുയല്‍ക്കുഞ്ഞുങ്ങളെ ലഭിക്കുന്നതാണ്. ഇതു കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കര്‍ഷകരും മുയല്‍ക്കുഞ്ഞുങ്ങളെ യൂണിറ്റുകളാക്കി വില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."