തകര്‍പ്പന്‍ ഫീച്ചറുമായി ഫേസ്ബുക്ക്
ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. കമ്പനി നിങ്ങള്‍ക്കായി പുതിയ മൂന്ന് ഫീച്ചറുകളുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. വോയിസ് പോസ്റ്റിങ്, സ്‌റ്റോറികള്‍ സൂക്ഷിക്കല്‍, ക്ലൗഡ് സ്റ്റോറേജ് എന്നീ സജ്ജീകരണങ്ങളാണ് ഫേസ്ബുക്ക് ഒരുക്കിയിട്ടുള്ളത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ചിത്രവും വിഡിയോയും സൂക്ഷിച്ചുവയ്ക്കാനും അത് ഉപഭോക്താവിന്റെ ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും കാണാനുള്ള സൗകര്യത്തിനായാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിഡിയോ സേവ് ഓപ്ഷന്‍ നേരത്തേ നിലവില്‍ വന്നിരുന്നെങ്കിലും ഇനി മുതല്‍ ഫേസ്ബുക്കിലെ ചിത്രവും വിഡിയോയും ഫേസ്ബുക്ക് മെമ്മറിയില്‍ തന്നെ നിങ്ങളുടെ എക്കൗണ്ട് ക്ലൗഡില്‍ സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ ഫേസ്ബുക്ക് കാമറയിലൂടെ എടുത്ത ചിത്രങ്ങളും വിഡിയോകളും മാത്രമേ ക്ലൗഡില്‍ സൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. ചിത്രങ്ങളും വിഡിയോകളും ഫോണ്‍ മെമ്മറിയില്‍ സൂക്ഷിക്കാതെ ക്ലൗഡില്‍ സൂക്ഷിച്ച് സ്‌പേസ് സേവ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം.
കൂടാതെ ഓഡിയോ പോസ്റ്റിങ്ങിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്്. ഉപഭോക്താവിന്റെ വാളില്‍ പോസ്റ്റുകള്‍ ഒഡിയോ ആയി പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വിഡിയോകളും ലൈവും പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ആപ്പില്‍ ഉണ്ടെങ്കിലും ഒഡിയോ പോസ്റ്റിങ് ഫീച്ചറിന് ജനപ്രീതി ലഭിക്കുമെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തല്‍.
എന്നാല്‍ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ മാത്രമെ ഇപ്പോള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഷെയര്‍ ചെയ്യുന്ന ഒരു ഓഡിയോ സ്‌റ്റോറി 24 മണിക്കൂറിനു ശേഷം ഡിലീറ്റ് ആവുകയും ചെയ്യും. ചുരുങ്ങിയ സമയമാണെങ്കിലും ഓഡിയോ പോസ്റ്റിങ് വഴി ചെറിയ വിവരങ്ങള്‍ ഉപഭോക്താവിന് സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ കഴിയും. ഓഡിയോ സന്ദേശമയക്കാനുള്ള സൗകര്യം നേരത്തേ തന്നെ ഫേസ്ബുക്ക് മെസഞ്ചറില്‍ ഒരുക്കിയിരുന്നു.
കൂടാതെ ആര്‍ക്കൈവില്‍ സൂക്ഷിച്ചുവച്ച സ്‌റ്റോറികള്‍ വീണ്ടും പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും പുതിയ ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഈ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇപ്പോള്‍തന്നെ ലഭ്യമാകുമെന്നും ഫേസ്ബുക്കിന്റെ സ്‌റ്റോറീസ് ആര്‍ക്കൈവ് ഫീച്ചര്‍ സേവനം വരും ആഴ്ചകളില്‍ ആപ്പില്‍ സജ്ജമാക്കുമെന്നും കമ്പനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."