പുറത്താക്കിയ നടപടിക്കെതിരേ മുഖ്യമന്ത്രിയെ കാണുമെന്ന് വോളിബോള്‍ ഭാരവാഹികള്‍
കൊച്ചി: വോളിബോള്‍ സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുത്തതിന്റെ പേരില്‍ ആറു പേരെ ഭാരവാഹിത്വത്തില്‍ നിന്നു പുറത്താക്കിയ നടപടിക്കെതിരേ മുഖ്യമന്ത്രി, കായിക മന്ത്രി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവരെ ഉടന്‍ കാണുമെന്നു വോളിബോള്‍ താരങ്ങളും ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതൊടൊപ്പം വോളിബോളില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തും. പരിപാടിയില്‍ പങ്കെടുത്തവരെ പുറത്താക്കിക്കൊണ്ടുള്ള കേരള വോളിബോള്‍ അസോസിയേഷന്റെ കത്ത് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരേ പ്രതികരിക്കുന്നവരെ പുറത്താക്കുകയെന്ന നയമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. വോളിബോള്‍ കളിക്കാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തതിന്റെ പേരില്‍ ആളുകളെ പുറത്താക്കുന്നതു ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ്. വോളിബോളിന്റെ പുരോഗതിക്കു വേണ്ടിയാണു കളിക്കാരുടെ കൂട്ടായ്മ ഉണ്ടായിരിക്കുന്നത്.
അസോസിയേഷന് നിയമ പോരാട്ടത്തിനായി ലക്ഷക്കണക്കിനു രൂപയാണു ചെലവഴിക്കുന്നതെന്നു കാണിക്കുന്നുണ്ട്. എന്നാല്‍ കേസുകളുടെ വിശദാംശങ്ങളില്ല. ജനറല്‍ സെക്രട്ടറി സ്വന്തം കേസു നടത്താനാണ് അസോസിയേഷന്റെ തുക ചെലവാക്കുന്നത്. മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് സസ്പെന്‍ഡ് ചെയ്ത നടപടി സ്റ്റേ ചെയ്ത ബലത്തിലാണു ജനറല്‍ സെക്രട്ടറി ആ സ്ഥാനത്തു തുടരുന്നത്. കളിക്കാരെ മനസിലാക്കുന്ന അസോസിയേഷനാണു നിലവില്‍ വരേണ്ടതെന്നും തെരഞ്ഞെടുപ്പിനു തയാറാണെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശാന്തന് മലയാലപ്പുഴ, കോച്ചിങ് കമ്മിറ്റി ചെയര്മാന് എം.പി സാമുവല്‍, കണ്‍വീനര്‍ പ്രൊഫ. മാത്യൂസ് ജേക്കബ്, സംസ്ഥാന സമിതിയംഗങ്ങളായ സി.വി വിപിന ചന്ദ്രന് നായര്‍, ഹനീഫ റാവുത്തര്‍, രാജ്യാന്തര താരങ്ങളായ ആര് രാജീവ്, ടോം ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."