രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വടക്കാഞ്ചേരി വേദിയാകുന്നു
വടക്കാഞ്ചേരി: ഒരിക്കല്‍ കൂടി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വേദിയാകുന്നു. സ്പന്ദനം വടക്കാഞ്ചേരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വിഫ് 2016 ജൂലായ് ഒന്ന് മുതല്‍ 5 വരെ ഓട്ടുപാറ താളം തിയ്യേറ്ററില്‍ വെച്ച് നടക്കുമെന്ന് സ്പന്ദനം പ്രസിഡന്റ് സി.ഒ ദേവസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് വൈകിട്ട് 5.30ന് സുപ്രസിദ്ധ സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് മുഖ്യാതിഥിയായി പങ്കെടുക്കും. അഞ്ച് മലയാള ചിത്രങ്ങളും, രണ്ട് തമിഴ് ചിത്രങ്ങളും, മറാത്തി ചിത്രങ്ങളുമടക്കം 25 ചിത്രങ്ങളും, ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫാസിസ്റ്റ് പ്രവണതകളും സിനിമയും, ലോക സിനിമയെ മലയാളത്തിലൂടെ കാണുമ്പോള്‍, കമ്പോള സംസ്ക്കാരവും സിനിമയും എന്നീ വിഷയങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങളും നടക്കും. ഡോ. കെ.പ്രദീപ്കുമാര്‍, ഫസല്‍ റഹ്മാന്, പ്രമോദ്കുമാര്‍, കെ.ബി വേണു എന്നിവര്‍ വിഷയാവതരണം നടത്തും. അന്തരിച്ച കലാഭവന്‍ മണിയെ അനുസ്മരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകളും മിമിക്രിയും, അഭിനയ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി കൊണ്ടുള്ള പ്രത്യേക പരിപാടി ഉദ്ഘാടനത്തിന് മുന്‍പ് അവതരിപ്പിക്കും.
സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സിനിമകള്‍ കാണാന്‍ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സംവിധായകന് പ്രിയനന്ദനന് ഉദ്ഘാടനം ചെയ്യും. നടന് ഇര്‍ഷാദ് മുഖ്യാതിഥിയായി പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്പന്ദനം ഭാരവാഹികളായ പി.എന്‍ സുരേന്ദ്രന്, പി.എസ്.എ ബക്കര്‍, പി.കെ സുബ്രഹ്മണ്യന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."