ജനകീയാരവമായി മഴയാത്ര
വടക്കാഞ്ചേരി: അത്താണി പി.എസ്.സി ബാങ്കിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന ഞാറ്റ് വേല ചന്തയോടനുബന്ധിച്ചുള്ള മഴയാത്ര ജനകീയാരവമായി. കവിയും, ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് വടക്കാഞ്ചേരി നഗരസഭയിലെ അത്താണിയില്‍ നിന്ന് തെക്കുംകര പഞ്ചായത്തിലെ പത്താഴകുണ്ട് ഡാമിലേക്ക് മഴയാത്ര നടന്നത്.
നാടന്‍ പാട്ടുക്കാരി പ്രസീത ചാലക്കുടി മഴയാത്രയെ നാടന്‍പാട്ടിന്റെ ആരവത്തില്‍ നിറച്ചു. ഇന്നലെ രാവിലെ ആരംഭിച്ച മഴയാത്രയില്‍ സാമൂഹ്യ സാംസ്‌ക്കാരിക സഹകരണ മേഖലയിലെ നിരവധി പ്രമുഖരും, ജനപ്രതിനിധികളും പങ്കെടുത്തു. വിവിധ സ്‌കൂളുകളിലെ നൂറ്റി നാല്‍പതോളം കുട്ടികള്‍ യാത്രയില്‍ കണികളായി. പത്താഴകുണ്ടിന്റെ നീര്‍ചാലുകളിലൂടെ കുന്നും, മലയും വെള്ളചാട്ടങ്ങളും പിന്നിട്ട് യാത്ര അതിശക്തമായ മഴയെ അവഗണിച്ചാണ് മുന്നേറിയത്. നിര്‍മാണം പുരോഗമിക്കുന്ന പത്താഴകുണ്ട് ഡാം സൈറ്റില്‍ ചന്ദ്രശേഖരനും, പ്രസീതയും മഴ കവിതകളും, നാടന്‍ പാട്ടുകളും അവതരിപ്പിച്ചപ്പോള്‍ അത് പുതിയൊരു ആവേശതലം തീര്‍ത്തു. യാത്രയില്‍ പങ്കെടുത്തവര്‍ക്ക് ജൈവ കഞ്ഞിയും, ചമന്തിയും, മുതിര ഉപ്പേരിയുമായിരുന്നു ഉച്ചഭക്ഷണം.
പ്രയാണ വഴിയില്‍ രണ്ട് ചെറിയ വെള്ള ചാട്ടങ്ങളുടെ വശ്യഭംഗി യാത്രാ അംഗങ്ങള്‍ തൊട്ടറിഞ്ഞു.
വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, കൗണ്‍സിലര്‍മാരായ പി.ആര്‍ അരവിന്ദാക്ഷന്‍, മധു അമ്പലപുരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍ കേശവന്‍, ബാങ്ക് പ്രസിഡന്റ് എം.ആര്‍ ഷാജന്‍, വൈസ് പ്രസിഡന്റ് എന്‍.എ ജോണ്‍, ഡയറക്ടര്‍മാരായ രത്‌നം ഷാജു, ശാലിനി ദാസന്‍, ഡോ. പ്രദീപ് കുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."