നിലമ്പൂര്‍ മാനവേദന് സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നു; നടപടികള്‍ ത്വരിത ഗതിയില്‍
നിലമ്പൂര്‍: ഗവ.മാനവേദന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നു. 40 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് 18 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എല്ലാ ക്ലാസ്മുറികളും ഹൈടെക് ആക്കാനാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. നിലവില്‍ 16 ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുക. ഇവിടെ രണ്ട് നിലകളുള്ള കെട്ടിടം നിര്‍മിക്കും. 30 ക്ലാസ് മുറികളും കൂടാതെ അടുക്കള, സ്റ്റാഫ് റൂം, ടോയ് ലെറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളിലെ ക്ലാസ് മുറികള്‍ തല്‍ക്കാലത്തേക്ക് യു.പി വിഭാഗത്തിലെ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റും.
ആദ്യഘട്ടത്തിലെ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അഞ്ചുകോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഒരു കോടി രൂപ കഴിഞ്ഞ വര്‍ഷം എം.എല്‍.എ ഫണ്ടില്‍നിന്ന് നല്കി. ഒരുകോടി രൂപകൂടി സ്ഥിരനിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കിഫ്ബിയാണ് പദ്ധതിക്കാവശ്യമായ പണം നല്‍കുന്നത്. എന്നാല്‍ കുറേ പണം ജനപങ്കാളിത്തത്തോടെ വേണം കണ്ടെത്താന്‍. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എം.പിമാരായ എം.ഐ ഷാനവാസ്, പി.വി അബ്ദുല്‍ വഹാബ്, പി.വി അന്‍വര്‍ എം.എല്‍.എ, മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് മുഖ്യരക്ഷാധികാരികളായി കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. സ്കൂളില്‍ ചേര്‍ന്ന യോഗം മുന്‍ മന്ത്രി ടി.കെ.ഹംസ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. എം.എല്‍.എ. പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."