മലിനജലം കെട്ടിക്കിടക്കുന്നത് ഭീഷണിയാകുന്നു; പൊറുതിമുട്ടി വലിയങ്ങാടി നിവാസികള്‍
പെരിന്തല്‍മണ്ണ: ബൈപ്പാസ് തറയില്‍ ബസ്സ്റ്റാന്‍ഡിനും മസ്ജിദുല്‍ മാജിദൈനും ഇടയിലുള്ള സ്വകാര്യ ആശുപത്രി ഉടമസ്ഥതയിലുള്ള പള്ളിയാലില്‍ ആഴ്ചകളായി മലിനജലം വെള്ളം കെട്ടിനില്‍ക്കുന്നത് പരിസരവാസികളായ വലിയങ്ങാടി ആലിക്കല്‍ കോളനിയിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. ഒരു മാസം മുന്‍പ് പെയ്ത ആദ്യ മഴയിലാണ് വന്‍ മാലിന്യശേഖരം ഒഴുകിയെത്തിയത്. കഴിഞ്ഞ വര്‍ഷം വരെ ഇവിടേക്കൊഴുകിയെത്തിയിരുന്ന മഴവെള്ളവും മാലിന്യവും സമീപത്തെ നീര്‍ച്ചാല്‍ വഴി തോട്ടിലേക്കൊഴുകിപ്പോയിരുന്നു. എന്നാല്‍ ഈയിടെ ഇവിടെ വൈദ്യുതി വകുപ്പിന്റെ ഉയര്‍ന്ന തറയോട് കൂടെ കുറ്റന്‍ ടവര്‍ വന്നതോടെ ഒഴുക്കു നിലക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ മാലിന്യം ഒഴുക്കിക്കളയുന്ന അഴുക്കുചാല്‍ കാരണം പതിറ്റാണ്ടുകളായി വലിയങ്ങാടി കോളനി, പാര്‍വതിപ്പാടം, ഉതരിപ്പറമ്പ് പ്രദേശത്തുള്ളവരില്‍ പലരും മാരകമായ ഒട്ടനവധി രോഗങ്ങളുടെ അടിമകളാണ്. അതിനു പുറമേയാണിപ്പോള്‍ കടുത്ത ഭീതിയോടെയുള്ള ഈ മാലിന്യശേഖരവും. ഓരോ ദിവസവും പെയ്യുന്ന മഴയില്‍ ഇവിടുത്തെ വെള്ളക്കെട്ട് ഉയര്‍ന്ന് കറുത്ത നിറത്തിലുള്ള തടാകമായി മാറിയിട്ടുണ്ട്. ഒരാഴ്ചയായി രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്.
പൂച്ചകളും കന്നുകാലികളും തെരുവുനായകളും ഈ വെള്ളക്കെട്ടില്‍ പല തവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മാലിന്യം മുകളില്‍ പാറി നില്‍ക്കുന്നത് കൊത്തിപ്പറിക്കാന്‍ ഭീതി പരത്തുന്ന വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള പറവകളുടെ നിത്യ സാന്നിധ്യം വലിയ ആശങ്കകള്‍ക്കിടവരുത്തുന്നുമുണ്ട്. നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. സമീപത്തെ വീടുകളിലും പള്ളിയിലും അഴുക്കു വെള്ളം കയറുന്നതിന് മുന്‍പ് അധികൃതര്‍ ശ്രദ്ധ കാണിച്ചാല്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ വന്‍ പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ക്ക് തടയിടാനാകുമെന്നാണ് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."