ശ്മശാന ജീവനക്കാരുടെ നിസഹകരണം; മൃതദേഹം ആംബുലന്‍സില്‍ കിടന്നത് ഒന്നര മണിക്കൂര്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന് കീഴിലുള്ള മാവൂര്‍ റോഡിലെ വൈദ്യത ശ്മശാനത്തില്‍ നിപാ വൈറസ് ബാധമൂലം മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം.
ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ മൃതദേഹമാണ് ശ്മശാന ജീവനക്കാരുടെ നിസഹകരണം മൂലം ഒന്നര മണിക്കൂറോളം ആംബുലന്‍സില്‍ കിടന്നത്. കഴിഞ്ഞ ദിവസം മരിച്ച നഴ്‌സ് ലിനിയുടെ മൃതദേഹം ഇവിടെ സംസ്‌കരിക്കുന്നതിനിടയില്‍ യന്ത്രത്തിന്റെ ബ്ലോവര്‍ തകരാറിലായിരുന്നു.
ഈ കാരണത്താല്‍ രാവിലെ രാജന്റെ മൃതദേഹവുമായെത്തിയ ബന്ധുക്കളോട് മൃതദേഹം സംസ്‌കരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും സമീപത്ത് കോര്‍പറേഷന്റെ സ്ഥലത്ത് തന്നെ പരമ്പരാഗത രീതിയില്‍ സംസ്‌കാരം നടത്തുന്നവരോട് മൃതദേഹം സംസ്‌കരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഇവര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇടപെട്ട് വൈദ്യുത ശ്മശാനത്തില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. സാധാരണഗതിയില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് തീരേണ്ട പ്രവര്‍ത്തനം സാങ്കേതിക തകരാറുള്ളതിനാല്‍ അഞ്ച് മണിക്കൂറോളം സമയമെടുത്താണ് അവസാനിച്ചത്. ഫാന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പുക കുഴലിലൂടെ പോകാതെ പുറത്തേക്ക് വന്നതും പ്രയാസമുണ്ടാക്കി. പിന്നീട് 4.30ഓടെ എത്തിയ പാറക്കടവ് സ്വദേശി അശോകന്റെ മൃതദേഹം തൃശൂരില്‍ നിന്നുള്ള മൃതദേഹം സംസ്‌കരിക്കുന്ന സ്വകാര്യ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സംസ്‌കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."