കാഴ്ചയെടുക്കുന്ന കണ്ണടശാലകള്‍
കണ്ണൂര്‍: വിദഗ്ധരില്ലാതെ പ്രവര്‍ത്തിക്കുന്ന കണ്ണടശാലകള്‍ രോഗികളുടെ കാഴ്ചയെടുക്കുന്നു. ആവശ്യത്തിന് നേത്രപരിശോധകരോ ഉപകരണങ്ങളോ ഇല്ലാതെയാണ് സംസ്ഥാനത്തെ മിക്ക കണ്ണടശാലകളും പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ മുറിവൈദ്യന്‍മാര്‍ നല്‍കുന്ന കോണ്‍ടാക്ട് ലെന്‍സും കണ്ണടകളും കാഴ്ച കെടുത്തുകയാണ് ചെയ്യുന്നത്. സൗജന്യ കംപ്യൂട്ടറൈസ്ഡ് പരിശോധന പരസ്യംചെയ്തു പ്രവര്‍ത്തിക്കുന്ന മിക്ക കണ്ണടവില്‍പന കേന്ദ്രങ്ങളിലും ഓട്ടോമേറ്റഡ് റിഫ്രാറ്റോമീറ്റര്‍ മാത്രമാണുള്ളത്.
ഈ യന്ത്രങ്ങള്‍ മിക്ക നേത്ര രോഗ വിദഗ്ധരും രോഗത്തെ കുറിച്ച് ധാരണ ലഭിക്കാന്‍ മാത്രമേ ഉപയോഗക്കാറുള്ളു. ഈ യന്ത്രത്തിലൂടെ ലഭിക്കുന്ന പവറുകള്‍ ഓരോ തവണയും വ്യത്യാസമാവാറുണ്ട്. ഇതുകാരണം ചില വിദഗ്ധര്‍ ഈ യന്ത്രം നല്‍കുന്ന വിവരങ്ങള്‍ വച്ച് കണ്ണടകള്‍ നല്‍കാറില്ല. മാത്രമല്ല കണ്ണ് പരിശോധിക്കാനെത്തുന്നവര്‍ക്കെല്ലാം കണ്ണട നല്‍കുന്നതും കാഴ്ചകുറവില്ലാത്തവര്‍ക്കും ഗ്ലോക്കോമയടക്കമുള്ള തുടക്കത്തില്‍ കണ്ടെത്തി ചികിത്സ നടത്തേണ്ട രോഗങ്ങള്‍ക്കുപോലും കണ്ണട നല്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരം രോഗങ്ങള്‍ തുടക്കത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അന്ധതക്കുവരെ കാരണമാവും.
കാഴ്ചക്കുറവില്ലാത്തവര്‍ക്ക് കണ്ണടനല്‍കുന്നതിലൂടെ ഇവരുടെ കാഴ്ച കണ്ണടയുമായി പൊരുത്തപ്പെട്ട് വന്ന് തുടര്‍ച്ചയായ കാഴ്ചകുറവിന് തന്നെ കാരണമാവും. വിദേശരാജ്യങ്ങളില്‍ കണ്ണടശാലകള്‍ തുടങ്ങണമെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ലൈസൈന്‍സ് വേണം.
എന്നാല്‍ ഇന്ത്യയില്‍ ആര്‍ക്കും ഒപ്റ്റികല്‍സ് തുടങ്ങുകയും കാഴ്ച പരിശോധകരാകുകയും ചെയ്യാമെന്ന അവസ്ഥയാണ്.
പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് പല ഒപ്റ്റികല്‍സുകളിലും കണ്ണടകള്‍ നല്‍ക്കുന്നതെന്നും ഇവര്‍ ജനങ്ങളെ അന്ധതയിലേക്ക് നയിക്കുകയാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത്തരം കടകളില്‍ വേണ്ട പരിശോധനകള്‍ നടത്താനോ നടപടി എടുക്കാനോ അധികൃതര്‍ തയാറാകുന്നില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."