ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിച്ചാല്‍ ജയിലില്‍പോകാന്‍ തയാറെന്ന് ജോസ് മാവേലി
ആലുവ: ജനസേവ ശിശുഭവനെതിരെ സി.ഡബ്ല്യു.സി ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ വെറും വ്യാജ്യമാണെന്നും ആരോപണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള കഴമ്പുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ ജയിലില്‍പോകുവാന്‍ തയാറാണെന്നും ജോസ് മാവേലി അറിയിച്ചു.
ജനസേവയില്‍ സംരക്ഷിച്ചിരുന്നവരില്‍ 60 ആണ്‍കുട്ടികളേയും 44 പെണ്‍കുട്ടികളെയുമാണ് ഇതരസംസ്ഥാനക്കാരാണെന്ന കാരണത്താല്‍ അതാത് നാടുകളിലേക്ക് പറഞ്ഞുവിടുവാന്‍ കഴിഞ്ഞവര്‍ഷം സി.ഡബ്ല്യു.സി തീരുമാനിച്ചിരുന്നത്.
ഇതിനെതിരേ കുട്ടികളുടെ ഭാവിയെക്കരുതി ജനസേവ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതി സി.ഡബ്ല്യു.സിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. അതിന്‍പ്രകാരമാണ് ഈ 104 കുട്ടികളെയും ജനസേവയില്‍ സംരക്ഷിച്ചിരുന്നത്.
ഇതിനിടയില്‍ ചില കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സി.ഡബ്ല്യു.സി അധികൃതര്‍ നിര്‍ബന്ധപൂര്‍വം കുട്ടികളെ അവരോടൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.
സി.ഡബ്ല്യു.സിയുടെ ഏകപക്ഷീയമായ തെറ്റായ ഉത്തരവുകള്‍ ചോദ്യം ചെയ്യുകയും നിയമ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതുമൂലം ജനസേവ ശിശുഭവന്‍ എന്ന പ്രസ്ഥാനത്തെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുള്ളത്. ഇവര്‍ക്ക് പിന്തുണയുമായി മദര്‍ ആന്‍ഡ് ചൈല്‍ഡ് വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി മനേകാഗാന്ധിയുടെ പിന്തുണയുമുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിവിധ അന്വേഷണ ഉദ്യോഗസ്ഥന്‍മാരെ ഉപയോഗിച്ച് ജനസവയില്‍ നിരന്തരം റെയ് ഡും അന്വേഷണവും നടത്തിവരികയാണ്. എന്നാല്‍ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുവാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സാധിച്ചിട്ടില്ല.
സി.ഡബ്ല്യു.സിയുടെ തെറ്റായ നടപടിക്കെതിരേ ജനസേവ ഹൈക്കോടതിയില്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിക്കുവേണ്ടി 10 ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.ഡബ്ല്യ്യു.സി ചെയര്‍പേഴ്‌സണെതിരേ ജനസേവയും പീഡനത്തിനിരയായ പെണ്‍കുട്ടിയും ചേര്‍ന്ന് നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണയിലാണ്.
ഇതിന്റെയെല്ലാം വൈരാഗ്യബുദ്ധിയായാണ് യാതൊരു തെറ്റും ചെയ്യാത്ത ജനസേവ ശിശുഭവന്‍ എന്ന പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും ഇതിനെതിരേ പ്രതികരിക്കാന്‍ യുവജന സംഘടനകളും സാമൂഹ്യസന്നദ്ധ സംഘടനകളും മുമ്പോട്ടുവരണമെന്നും ജോസ് മാവേലി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."