ജനകീയാസൂത്രണം രണ്ടാംഘട്ടം നിര്‍വഹണത്തെ അടിസ്ഥാനമാക്കി: ധനമന്ത്രി
തിരുവനന്തപുരം: പദ്ധതി നിര്‍വഹണത്തെ അടിസ്ഥാനമാക്കിയാണ് ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കുകയെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനകീയാസൂത്രണം രണ്ടാംഘട്ടം ഏകദിന ശില്‍പ്പശാലയുടെ ഉദ്ഘാടനവും വിദ്യാഭ്യാസമന്ത്രി രചിച്ച സമഗ്ര സുസ്ഥിര വികസനത്തിന്റെ ജനകീയ മുഖം എന്ന പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ മൊത്തം വികസന കാഴ്ചപ്പാടില്‍ ശുചിത്വം, ജലസംരക്ഷണം, ജൈവകൃഷി, പാര്‍പ്പിടം, പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ പൊതുവായി ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ക്രമമാണ് സര്‍ക്കാരിന്റേതെന്നു മന്ത്രി പറഞ്ഞു.
പഞ്ചായത്തുകള്‍ പദ്ധതി രൂപീകരിക്കുമ്പോള്‍ അതിനനുസൃതമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകും. പൊതുവിദ്യാഭ്യാസ യജ്ഞം കെട്ടിടംപണിയാണെന്ന ചിന്ത ഉപേക്ഷിക്കണം. ഭാവിയിലേയ്ക്ക്കൂടിയുള്ള പ്രവര്‍ത്തനം ഇവിടെ അനിവാര്യമാണ്. അക്കാദമിക് പ്രോഗ്രാമുകളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമുള്‍പ്പെടെ കൃത്യമായ വികസന പദ്ധതിരേഖ തയ്യാറാക്കി സമര്‍പ്പിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ പണം അനുവദിക്കുകയുള്ളൂ. മാസ്റ്റര്‍പ്ലാന്‍ രീതി സമ്പ്രദായം ഉറപ്പുവരുത്തുന്ന സ്‌കൂളുകള്‍ക്ക് മേയ് മാസത്തില്‍ നടക്കുന്ന കിഫ്ബി യോഗത്തില്‍ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനം എന്നത് തലമുറകള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ. ശിവകുമാര്‍, സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ നായര്‍, വിവിധ ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി 13-ാം പഞ്ചവത്സരപദ്ധതി ജനകീയാസൂത്രണം രണ്ടാംഘട്ടം 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണം എന്നിവയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പതിനഞ്ച് വിഷയമേഖല വര്‍ക്കിങ് ഗ്രൂപ്പുകളുടെ ഏകദിന ശില്പശാലയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."