അന്യസംസ്ഥാന തൊഴിലാളികള്‍ തമസിക്കുന്നിടത് ശുചിത്വത്തിന്റെ ലവലേശം കാണാന്‍ കഴിഞ്ഞില്ല
മനം മടുത്ത് പരിശോധനാ സംഘം സ്ഥലംവിട്ടു
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയില്‍ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് കണ്ടതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. കിടന്നുറങ്ങുന്ന സ്ഥലം, പാചകപ്പുര, ടോയ്‌ലറ്റ് തുടങ്ങിയ ഇടങ്ങളിലൊന്നും ശുചിത്വത്തിന്റെ ലവലേശം കാണാന്‍ കഴിഞ്ഞില്ല.
സന്ദര്‍ശനത്തില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്ന് ടോം ജോസ് പിന്നീട് അറിയിച്ചു. പെരുമ്പാവൂര്‍ മുടിക്കലിലെ ചന്ദ്രിക പ്ലൈവുഡ്‌സ്, ക്രസന്റ്, സീപീസണ്‍ എന്നിവടങ്ങളിലായിരുന്നു പരിശോധന. കനത്ത മഴ തകര്‍ക്കുന്നതിനിടയിലായിരുന്നു പരിശോധന.നടത്തിപ്പുകാര്‍ പലരും വിവരമറിഞ്ഞ് മാറിനിന്നു. മുന്നില്‍ നിന്നവര്‍ക്ക് ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടിയുമുണ്ടായില്ല. ശമ്പളത്തെക്കുറിച്ചും മറ്റും തൊഴിലാളികളോട് ചോദിച്ചു മനസിലാക്കിയെങ്കിലും ഓരോരുത്തരും പറഞ്ഞത് പല ഉത്തരങ്ങള്‍.
തൊഴിലാളികളെ എത്തിക്കുന്ന ഇടനിലക്കാര്‍ പണം തട്ടുന്നുണ്ടോയെന്നും ഒരുഘട്ടത്തില്‍ ടോം ജോസ് ആശങ്കപ്പെട്ടു. ചിലയിടത്ത് ഒരു ടണ്‍ ഉല്‍പാദനത്തിന് നിശ്ചിത നിരക്ക് തൊഴിലാളികളുടെ കരാറുകാരന് നല്‍കും. ഇത് തൊഴിലാളിക്കു വീതിച്ചുനല്‍കും. പുരുഷന്മാര്‍ക്ക് 380-400 രൂപ നിരക്കിലാണ് കൂലി. വനിതകള്‍ക്കിത് 300 രൂപയാണ്. താരതമ്യേന കൊള്ളാമെന്നു പറയാവുന്ന സങ്കേതത്തില്‍ പോലും ടോയ്‌ലറ്റ് പുറമെ വൃത്തിയുള്ളതെന്നു തോന്നിച്ചെങ്കിലും അകത്ത് സ്ഥിതി ശോചനീയമായിരുന്നു. ചിലയിടങ്ങളില്‍ തൊഴിലാളികള്‍ കിടക്കുന്നയിടത്ത് തന്നെയായിരുന്നു ആടുമാടുകളുടെ വാസവും. പാചകപ്പുരകള്‍ ഒട്ടും വൃത്തിയുള്ളതായി കാണാനായില്ല.
മഴയില്‍ ചോരുന്ന, വെളിച്ചമില്ലാത്ത മുറികള്‍. എല്ലായിടത്തേയും കാഴ്ചകള്‍ ഏതാണ്ട് ഒന്നുപോലെയാണ് അനുഭവപ്പെട്ടത്. വലിയമുറിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് പലയിടത്തും തൊഴിലാളികള്‍ കിടന്നിരുന്നത്. വായുസഞ്ചാരം കുറഞ്ഞതിനാല്‍ മുറികളില്‍ രൂക്ഷമായ ഗന്ധം തങ്ങിനിന്നു. ഇവിടങ്ങളില്‍ ബര്‍ത്ത് സൗകര്യം ചെയ്താല്‍ മാന്യമായി കിടക്കാനും മറ്റും സൗകര്യം ഉണ്ടാകുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ചൂണ്ടികാട്ടി. താമസം, ഭക്ഷണം, പാചകം മറ്റ് സംവിധാനങ്ങളില്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ദുരിതം പേറുകയാണ് തൊഴിലാളികള്‍. എല്ലവരും ഇന്ത്യക്കാര്‍ ആയതിനാല്‍ കുറേക്കൂടി മെച്ചപ്പെട്ട സൗകര്യത്തിന് അന്യതൊഴിലാളികള്‍ക്കും അര്‍ഹതയുണ്ടെന്നും ടോം ജോസ് പറഞ്ഞു.
രാവിലെ പത്തിനാരംഭിച്ച സന്ദര്‍ശനം ഉച്ചയ്ക്ക് 12 മണിയോടെയാണ് സമാപിച്ചത്. മറ്റു ചിലകേന്ദ്രങ്ങള്‍ കൂടി കാണാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും എല്ലായിടത്തും ഇതാകും അവസ്ഥയെന്നതിനാല്‍ സന്ദര്‍ശനം വേണ്ടെന്നുവയ്ക്കുകയായിരുന്നു. പെരുമ്പാവൂരില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടാകുമെന്നാണ് ഏകദേശ ധാരണ. പരിശോധകസംഘം സംസാരിച്ചവരെല്ലാം തന്നെ അസം സ്വദേശികളാണ്. കൂടുതലും അസമില്‍ നിന്നുള്ളവരാണ്.
ഇതിനു പുറമെ മറ്റു ജോലികളിലും ഇവര്‍ ഏര്‍പ്പെടുന്നുണ്ട്. അഡീഷണല്‍ തൊഴില്‍ കമ്മിഷണര്‍ അലക്‌സാണ്ടര്‍, ഡപ്യൂട്ടി തൊഴില്‍ കമ്മിഷണര്‍ ശ്രീലാല്‍, മേഖല ജോയിന്റ് ലേബര്‍ കമ്മിഷണര്‍ പി.ജെ.ജോയി, ജില്ല തൊഴില്‍ ഓഫീസര്‍ കെ.എഫ്. മുഹമ്മദ് സിയാദ്, അസിസ്റ്റന്റ് തൊഴില്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."