ഉണ്ണിയേശു ഭവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഭിഭാഷക കമ്മിഷനെ ചുമതലപ്പെടുത്തി
കൊച്ചി: സ്‌കൂളില്‍ നിന്ന് തങ്ങളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപണമുന്നയിച്ച വിദ്യാര്‍ഥിനികളും അമ്മയും ധ്യാനത്തിനു പോയ കോയമ്പത്തൂര്‍ മധുക്കരൈയിലെ ഉണ്ണിയേശു ഭവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മിഷനെ ചുമതലപ്പെടുത്തി.
ഇപ്പോള്‍ എസ്.എന്‍.വി സദനത്തില്‍ കഴിയുന്ന അമ്മയും മക്കളും എട്ട് തവണ കൗണ്‍സലിംഗിന് വിധേയരാകണമെന്നും ഇക്കാലയളവില്‍ ഇവര്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുതെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കൗണ്‍സലിംഗിനു ശേഷമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കാമെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ഹരജി ജൂണ്‍ 26 നു പരിഗണിക്കാന്‍ മാറ്റി.
ഹേബിയസ് ഹര്‍ജിയെത്തുടര്‍ന്ന് അമ്മയെയും കുട്ടികളെയും പൊലിസ് കണ്ടെത്തിയെങ്കിലും 2012 മുതല്‍ 2017 ജനുവരി വരെ പല ദിനങ്ങളിലും മയക്കുമരുന്ന് കലര്‍ന്ന മിഠായി നല്‍കിയശേഷം തങ്ങളെ സ്‌കൂള്‍ വാനില്‍ കയറ്റി കാക്കനാട് സെന്റ് തോമസ് മൗണ്ട്, ദേജാവൂ, എറണാകുളത്തെ ബിഷപ്പ് ഹൗസ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ കോയമ്പത്തൂരിലെ ധ്യാനകേന്ദ്രത്തിന് നേതൃത്വം നല്‍കുന്ന സെബാസ്റ്റ്യന്‍ കുണ്ടുകുളം സമാന്തര പള്ളി നടത്തുകയാണെന്നും ഇയാള്‍ കുട്ടികളെക്കൊണ്ട് വ്യാജ പരാതി പറയിക്കുന്നതാണെന്നുമാണ് പൊലിസിന്റെ നിലപാട്. കോയമ്പത്തൂര്‍ മധുക്കരൈയിലെ ധ്യാനകേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പൊലിസ് വ്യക്തമാക്കിയിരുന്നു.
കോയമ്പത്തൂരിലെ ഉണ്ണിയേശു ഭവനത്തില്‍ ധ്യാനത്തിനു പോയ ഭാര്യയും മൂന്നു മക്കളും തിരികെ വന്നില്ലെന്നാരോപിച്ച് എറണാകുളം ചിറ്റൂര്‍ സ്വദേശി നല്‍കിയ ഹരജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസില്‍ അന്വേഷണം നടത്താന്‍ കോയമ്പത്തൂര്‍ എസ്.പി, മധുക്കരൈ ഡിവൈ.എസ്.പി എന്നിവരെ ഡിവിഷന്‍ ബെഞ്ച് കക്ഷിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."