കണ്ടിവാതുക്കള്‍ ആദിവാസി ഊരിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജില്ലാ ഭരണകൂടമെത്തി
നാദാപുരം: ആദിവാസി മേഖലയായ കണ്ടിവാതുക്കള്‍ മലയില്‍ വസ്തുതാ പഠനത്തിനായി സബ് കലക്ടറും സംഘവുമെത്തി. കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച 'ഊരില്‍ ഒരുദിനം' പരിപാടിയില്‍ പങ്കെടുക്കാനാണ് കോഴിക്കോട് സബ്കലക്ടര്‍ ഇളംബരശനും സംഘവും എത്തിയത്. ആദിവാസി മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
റവന്യൂ, വനം, പൊലിസ്, എക്‌സൈസ്, ജലവിതരണ വകുപ്പ്, ആരോഗ്യവകുപ്പ്, ആദിവാസി ക്ഷേമവകുപ്പ്, സിവില്‍ സപ്ലൈസ് എന്നി വകുപ്പുദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.
യാത്രാദുരിതം മുതല്‍ കുഞ്ഞുങ്ങളുടെ പഠനകാര്യങ്ങള്‍ വരെ സ്ത്രീകളടക്കമുള്ള ആദിവാസികള്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ നിരത്തി. മേഖലയില്‍ ആദിവാസികള്‍ക്കായി പലതരം കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഫലം കാണാതെ പാതിവഴിയില്‍ നിലക്കുകയായിരുന്നു. മേഖലയിലെ കുടിവെള്ളപ്രശ്‌ന പരിഹാരത്തിനാണ് ആദ്യം മുന്‍ഗണന നല്‍കിയത്. ഇതില്‍ 19ലക്ഷം രൂപ ചെലവാക്കി 15 വര്‍ഷം മുന്‍പ് എളമ്പയില്‍ നടപ്പാക്കിയ കുടിവെള്ള വിതരണ പദ്ധതി ഗുണ നിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചതിനാല്‍ ഉപയോഗ ശൂന്യമായതായി കോളനി വാസികള്‍ കലക്ടറോട് പരാതിപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി ജലഅതോറിറ്റി അധികൃതരോട് പത്തു ദിവസത്തിനുള്ളില്‍ പ്രശ്‌നം പഠിച്ചു എസ്റ്റിമേറ്റ് തയാറാക്കി തന്റെ ഓഫിസില്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയിലെ ക്വാറികളില്‍ നിന്ന് കോളനി റോഡിലൂടെ അമിതഭാരം കയറ്റിയ ലോറികള്‍ സഞ്ചരിക്കുന്നതിനാല്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതായുള്ള പരാതിക്ക് പൊലിസ് സഹായത്തോടെ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കാന്‍ പൊലിസിനും പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.ആദിവാസി വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഗോത്ര സാരഥി ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നിലച്ചത് പരിഹരിക്കാന്‍ ഫണ്ട് ലഭിക്കുന്ന മുറക്ക് സ്‌കൂളുകള്‍ക്ക് പണം ലഭ്യമാക്കുമെന്ന് ട്രൈബല്‍ ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്ക് ഉറപ്പു നല്‍കി. രാവിലെ ആരംഭിച്ച പരിപാടി വൈകിട്ട് നാലിന് അവസാനിച്ചു.
ചടങ്ങ് ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സുമതി, തൊടുവയില്‍ മഹ്മൂദ്, ആദിവാസി ഗോത്രനേതാവ് മാക്കൂല്‍ കേളപ്പന്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."