അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റ്: ലോങ് ജംപില്‍ വി നീനയ്ക്കു സ്വര്‍ണം
ഹൈദരാബാദ്: 56ാമത് ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തില്‍ കേരളത്തിനു മൂന്നു മെഡലുകള്‍. ഓരോ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളാണ് കേരളം അക്കൗണ്ടില്‍ ചേര്‍ത്തത്. ലോങ് ജംപില്‍ വി നീന സുവര്‍ണ താരമായപ്പോള്‍ എം.എ പ്രജുഷ വെള്ളി നേടി. ഹാമ്മര്‍ ത്രോയില്‍ ആതിര മുരളീധരന് കേരളത്തിനായി വെങ്കലം നേടി.
നീന ലോങ് ജംപിലെ സ്വര്‍ണം നിലനിത്തുകയായിരുന്നു. 6.45 മീറ്റര്‍ താണ്ടിയ നീന ടീമംഗം എം.എ പ്രജുഷയെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 6.29 മീറ്റര്‍ താണ്ടിയാണ് പ്രജുഷ വെള്ളി നേട്ടത്തിലെത്തിയത്. മഹാരാഷ്ട്രയുടെ ശ്രദ്ധ ഖുലെയ്ക്കാണ് വെങ്കലം.
സ്വര്‍ണം നിലനിര്‍ത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു നീന വ്യക്തമാക്കി. 25കാരിയായ നീന കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ്.
ഹാമ്മര്‍ ത്രോയില്‍ കേരളത്തിനായി ആതിര മുരളീധരന് ഇന്നലെ വെങ്കലം സ്വന്തമാക്കി. 48.52 മീറ്റര്‍ താണ്ടിയാണ് ആതിരയുടെ നേട്ടം. ഈയിനത്തില്‍ ഉത്തര്‍പ്രദേശിന്റെ സരിത പ്രകാശ് സിങിനാണ് സ്വര്‍ണം. ഹരിയാനയുടെ റീന വെള്ളി നേടി.
ഉദ്ഘാടന ദിവസമായ ഇന്നലെ 10,000 മീറ്റര്‍ വനിതാ, പുരുഷ വിഭാഗങ്ങളില്‍ തമിഴ്നാട് സ്വര്‍ണം സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ സൂര്യയും പുരുഷ വിഭാഗത്തില്‍ ജി ലക്ഷ്മണനുമാണ് മേളയിലെ ആദ്യ സ്വര്‍ണത്തിനു അവകാശികളായത്.
ഇന്നലെ ആരംഭിച്ച മീറ്റ് ജൂലൈ രണ്ടിനു സമാപിക്കും. രണ്ടാം ദിവസമായ ഇന്നു പത്തു ഫൈനലുകള്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."