വീണ്ടും ഇംഗ്ലീഷ് ദുരന്തം
വലിയ ടൂര്‍ണമെന്റുകളില്‍ കാലിടറുന്ന പതിവ് ഇംഗ്ലണ്ട് ഇത്തവണയും ആവര്‍ത്തിച്ചു. യോഗ്യതാ പോരാട്ടത്തില്‍ പത്തില്‍ പത്തും വിജയിച്ച് ആവേശത്താല്‍ വന്ന യുവ സംഘമായ ഇംഗ്ലീഷ് പടയെ ചരിത്രത്തിലാദ്യമായി യൂറോയ്‌ക്കെത്തിയ ഐസ്‌ലന്‍ഡ് അട്ടിമറിച്ചു. ഒന്നിനെതിരേ രണ്ട ുഗോളുകള്‍ക്കാണ് ഐസ്‌ലന്‍ഡിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ഐസ്‌ലന്‍ഡ് ടീം ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് മത്സരം സ്വന്തമാക്കിയത്. സിഗ്‌തോര്‍സന്‍, സിഗൂര്‍സന്‍ എന്നിവര്‍ ഐസ്‌ലന്‍ഡിനായി ഗോള്‍ നേടി.
വിജയമുറപ്പിച്ചാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. നാലു മിനുട്ടിനുള്ളില്‍ ഗോള്‍ നേടി ആ പ്രതീക്ഷ കാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. റഹീം സ്റ്റെര്‍ലിങിനെ ഐസ്‌ലന്‍ഡ് ഗോളി ഹന്നസ് ഹാല്‍ഡേര്‍സന്‍ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലായിരുന്നു ഗോള്‍ പിറന്നത്. കിക്കെടുത്ത വെയ്ന്‍ റൂണി പന്ത് ലക്ഷ്യത്തിലെത്തിച്ചു. വെറും ഒന്നര മിനുട്ട് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ ആഘോഷത്തിന്റെ ആയുസ്സ്. അഞ്ചാം മിനുട്ടില്‍ ആരോണ്‍ ഗന്നാര്‍സന്റെ ത്രോയില്‍ നിന്ന് പന്തുമായി മുന്നേറിയ കാരി അര്‍നാസന്‍ നല്‍കിയ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ സിഗൂര്‍സന്‍ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ ഇംഗ്ലണ്ടിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട് ശ്രമിച്ചു കൊണ്ടിരുന്നു. ഡെല്ലെ അല്ലിയുടെ മികച്ചൊരു വോളി പുറത്തേക്ക് പോയി. എന്നാല്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഐസ്‌ലന്‍ഡ് ലീഡ് നേടി. 18ാം മിനുട്ടില്‍ കോള്‍ബിന്‍ സിഗ്‌തോര്‍സന്റെ ഇടങ്കാലന്‍ ഷോട്ട് ഇംഗ്ലീഷ് പ്രതിരോധ നിരയെ ഭേദിച്ച് വലയില്‍ കയറുകയായിരുന്നു. ജോണ്‍ ഡാഡി ബോഡിവാര്‍സന്‍ നല്‍കിയ പാസിലായിരുന്നു ഗോള്‍.
രണ്ടു ഗോള്‍ വഴങ്ങിയിട്ടും മുന്നേറ്റം നടത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചു. എന്നാല്‍ അവരുടെ ഷോട്ടുകള്‍ക്ക് ഐസ്‌ലന്‍ഡ് ഗോളി തടസം നില്‍ക്കുകയായിരുന്നു. ഡാനിയല്‍ സ്റ്റുറിഡ്ജിന്റെ പാസ് മുതലെടുത്ത് ഹാരി കെയ്ന്‍ തൊടുത്ത വോളി പോസ്റ്റിന്റെ മുകളിലൂടെ പോയി. ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന് ലഭിച്ച സുവര്‍ണാവസരം കൂടിയായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിന്റെ പ്രതിരോധം കൂടുതല്‍ ദുര്‍ബലമായി. സിഗൂര്‍സന്റെ കരുത്തുറ്റൊരു ഷോട്ട് ഗോളി ജോ ഹാര്‍ട്ട് സേവ് ചെയ്യുകയായിരുന്നു. അവസാന നിമിഷം സമനില ഗോളിനായി ആക്രമണം നടത്തിയെങ്കിലും സ്റ്റുറിഡ്ജിന്റെയും അല്ലിയുടെയും നീക്കങ്ങള്‍ ഹാല്‍ഡേര്‍സന്‍ സേവ് ചെയ്തു.
ആവര്‍ത്തിക്കപ്പെടുന്ന നിരാശ
പതിവു തെറ്റിക്കാതെയാണ് ഇത്തവണയും ഇംഗ്ലണ്ട് പുറത്തേക്കുള്ള വഴി സ്വയം തിരഞ്ഞെടുത്തത്. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 50ലേറെ ഗോളുകള്‍ അടിച്ചെടുത്ത രണ്ടു യുവ താരങ്ങളടക്കം സന്തുലിതമായാണ് അവര്‍ എത്തിയത്. ടോട്ടനം താരമായ ഹാരി കെയ്‌നും ലെയ്സ്റ്റര്‍ സിറ്റി താരമായ ജാമി വാര്‍ഡിയും തങ്ങളുടെ ക്ലബ് ടീമിന്റെ മുന്നേറ്റത്തില്‍ ഗോളുകള്‍ അടിച്ചുകൂട്ടി നിര്‍ണായകമായ താരങ്ങളാണ്. എന്നാല്‍ ദേശീയ ടീമിനായുള്ള പോരില്‍ ഇരുവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ആദം ലല്ലാന, ഡാനിയല്‍ സ്റ്റുറിഡ്ജ്, നായകന്‍ വെയ്ന്‍ റൂണി എന്നിവരെല്ലാം പരാജയമായി മാറി.
പുതിയ സെന്‍സേഷനായ റാഷ്‌ഫോര്‍ഡിനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ കോച്ച് ഹോഡ്‌സനു സാധിച്ചതുമില്ല. ഐസ്‌ലന്‍ഡുമായുള്ള പോരാട്ടത്തില്‍ അവസാന നിമിഷം മാത്രമാണ് ഹോഡ്‌സന്‍ റാഷ്‌ഫോര്‍ഡിനു അവസരം കൊടുത്തത്. കുറച്ചു സമയത്തിനുള്ളില്‍ പന്തു കിട്ടിയപ്പോഴെല്ലാം വിങിലൂടെ മികച്ച മുന്നേറ്റം നടത്താന്‍ താരത്തിനു സാധിച്ചിരുന്നു. റാഷ്‌ഫോര്‍ഡിനെ ആദ്യമിറക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ കളിയുടെ ഗതി മറ്റൊന്നായേനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."