കൗണ്‍സിലര്‍ അറിയാതെ നേതാക്കള്‍ റോഡ് പണി നടത്തിയത് വിവാദമാകുന്നു
കാക്കനാട്: തൃക്കാക്കരയില്‍ പാലച്ചുവട് ഡിവിഷനില്‍ കൗണ്‍സിലര്‍ അറിയാതെ സി.പി.എം നേതാക്കള്‍ റോഡ്പണി നടത്തിയതായി ആക്ഷേപം. പാലച്ചുവട് അയ്യപ്പക്ഷേത്രത്തിന് സമീപം ദൈവത്തിന്‍മുകള്‍ റോഡും അമ്പലപ്പാറ റോഡില്‍ നിന്ന് ദൈവത്തിന്‍മുകള്‍ റോഡുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളുടെ നിര്‍മാണമാണ് നടത്തിയത്.
ഇതേ വാര്‍ഡില്‍ ദേശായി റോഡ് ടാറിങിനാണ് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതുകണ്ട് ദേശായി റോഡ് ടാറിങ് ചെയ്യാന്‍ കരാറുകാരന് തയ്യാറായില്ല. സി.പി.എം നേതാക്കള്‍ കരാറുകാരനുമായി ഒത്തുകളിച്ച് വാര്‍ഡ് കൗണ്‍സിലറെ പോലും അറിയിക്കാതെ നഗരസഭയുടെ അംഗീകാരമില്ലാത്ത റോഡ് ടാറിങ് നടത്തിയതാണ് വിവാദമായിരിക്കുന്നത്.
നഗരസഭ ഓഫിസില്‍ കയറിയിങ്ങാതെ തന്നെ രണ്ട് റോഡുകള്‍ യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് സി.പി.എം വനിത കൗണ്‍സിലര്‍. സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കാന്‍ ദിവങ്ങള്‍ മാത്രം അവശേഷിക്കെ നഗരസഭ പ്രദേശത്ത് നിര്‍മാണ ജോലികള്‍ കൊടുമ്പിരികൊണ്ടിരിക്കെയാണ് പാലച്ചുവട് ഡിവിഷനില്‍ വനിത കൗണ്‍സിലറുടെ വാര്‍ഡില്‍ ലക്ഷങ്ങളുടെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായത്.
റോഡ് ടാറിങ് ഏറെക്കുറേ പൂര്‍ത്തിയായ ശേഷമാണ് കൗണ്‍സിലര്‍ തന്റെ ഡിവിഷനില്‍ ടാറിങ് നടക്കുന്ന വിവരം അറിഞ്ഞത്. കൗണ്‍സിലറെ മാപ്പ് സാക്ഷിയാക്കി വാര്‍ഡില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന നേതാക്കള്‍ക്കെതിരേ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ശം പുകയുകയാണ്. കൗണ്‍സില്‍ അംഗീകരിച്ച റോഡ് ടാറിങ് നടത്താന്‍ മാത്രമാണ് അനുമതിയുള്ളുവെന്നും അല്ലാതെ നടത്തുന്ന പൊതുമരാമത്ത് ജോലികള്‍ അനധികൃതമാണെന്ന് നഗരസഭ സെക്രട്ടറി പി.എസ് ഷാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."