ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് കരിങ്കല്‍ ഖനനം തുടങ്ങുന്നു
വെട്ടത്തൂര്‍: വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉരുള്‍പൊട്ടലുണ്ടായ പഞ്ചായത്തിലെ മണ്ണാര്‍മല പ്രദേശത്ത് കരിങ്കല്‍ഖനന ക്രഷര്‍ മാഫിയ ബഹുമുഖ പദ്ധതികളോടെ രംഗത്ത്. 2007 ജൂലൈ 17നാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്ന് അന്നത്തെ എം.എല്‍.എ വി.ശശികുമാര്‍, ജിയോളജി, റവന്യു ഉദ്യോഗസ്ഥര്‍, സംസ്ഥാന ദുരന്ത നിവാരണ സെല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ഈ മേഖലയില്‍ ഖനനം ചെയ്താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഉരുള്‍പൊട്ടല്‍ മൂലം അന്ന് പ്രദേശത്തെ ആദിവാസി കുടുംബങ്ങളെ സമീപത്തെ വിദ്യാപോഷിണി ഗ്രന്ഥാലയത്തില്‍ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ മറ്റു 12കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചിരുന്നു. ഈ പ്രദേശത്താണ് എണ്‍പത് ഏക്കറോളം വരുന്ന സ്ഥലത്ത് ഒരുവിഭാഗം വീണ്ടും കരിങ്കല്‍ ഖനന കേന്ദ്രം തുടങ്ങാനിരിക്കുന്നത്. എന്നാല്‍, കാര്യവട്ടം വില്ലേജിലെ ഈ പ്രദേശത്തെ സംസ്ഥാന ദുരന്തനിവാരണ സെല്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാല്‍ ഇവിടെ ഇനിയും ഖനനം ചെയ്യുന്നതുമൂലം ദുരന്തമുണ്ടാകാനും അതുവഴി ആളപായം വരെ സംഭവിക്കാനും സാധ്യതയേറെയാണ്.
നിര്‍ദിഷ്ട കരിങ്കല്‍ ഖനനത്തിന് അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ട് മണ്ണാര്‍മല നിവാസികള്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം സി.പി അബ്ദുല്ല അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."