കുറിച്ചി ശങ്കരപുരം മേല്‍പ്പാലം മാസങ്ങളായി നിര്‍മാണം മുടങ്ങിയ നിലയില്‍
ചങ്ങനാശേരി: മൂന്നു മാസം കൊണ്ട് പണി തീര്‍ക്കുമെന്ന് പറഞ്ഞു നിര്‍മ്മാണം ആരംഭിച്ച ശങ്കരപുരം മേല്‍പ്പാലം പൊളിച്ചിട്ട നിലയില്‍ തന്നെ കിടക്കുന്നതില്‍ വലിയ പ്രതിഷേധം.
സമീപത്തെ മന്ദിരം മേല്‍പ്പാലം കൂടി പൊളിച്ചിട്ട നിലയിലായതിനാല്‍ വലിയ ഗതാഗത കുരുക്കാണ് പ്രദേശത്ത് ഉണ്ടാകുന്നത്. എം.പി കൊടിക്കുന്നില്‍ സുരേഷിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരു പാലങ്ങളും ഒരുമിച്ചു പൊളിയ്ക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. മൂന്നു മാസത്തിനകം പണികള്‍ തീര്‍ത്തു പാലം തുറന്നു കൊടുക്കാമെന്നതായിരുന്നു ധാരണ. എന്നാല്‍ ഇതുവരെയായിട്ടും ശങ്കരപുരം മേല്‍പ്പാലം പൊളിച്ചിട്ട നിലയില്‍ തന്നെ ആണ്. മന്ദിരം മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നുമുണ്ട്. അവസാന ഘട്ടത്തിലാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ നേരത്തെ പറഞ്ഞതനുസരിച്ചു ജൂണ്‍ മാസത്തില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കാനും സാധിക്കില്ല. അടുത്തടുത്ത രണ്ടു മേല്‍പ്പാലങ്ങള്‍ പൊളിച്ചത് മൂലം കടുത്ത യാത്രാ ദുരിതത്തിലാണ് പ്രദേശവാസികള്‍. സ്‌കൂള്‍ കൂടി തുറക്കുന്നതോടെ വലിയ യാത്രാ ക്ലേശം ഉണ്ടാകും.നിലവില്‍ ചിറവം മുട്ടം,കനകക്കുന്ന് മേല്‍പ്പാലങ്ങളെ ആശ്രയിച്ചു കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചാണ് ഇവിടുത്തുകാര്‍ എം.സി റോഡില്‍ എത്തുന്നത്. കുറിച്ചിയുടെ കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫിസില്‍ എത്താനും എം.സി റോഡില്‍ എത്താനും വലിയ യാത്ര ദുരിതമാണുള്ളത്.
നിര്‍മ്മാണം മുടങ്ങിയ സാഹചര്യത്തില്‍ ജനകീയ സമിതിയ്ക്ക് നാട്ടുകാര്‍ രൂപം നല്‍കിയിട്ടുണ്ട്. കടുത്ത സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."