മെഡിക്കല്‍ കോളജില്‍ കീമോ ഡേ കെയര്‍ സെന്ററിനു ശാപമോക്ഷം
വടക്കാഞ്ചേരി : മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് അര്‍ബുധ രോഗ വിഭാഗത്തില്‍ ഒരു കോടിയോളം രൂപ മുടക്കി പണിതീര്‍ത്ത അര്‍ബുധ രോഗികള്‍ക്കു വിശ്രമിയ്ക്കുന്നതിനായി പണിതീര്‍ത്ത കേന്ദ്രത്തിനു ഒടുവില്‍ ശാപമോക്ഷം.
അത്യന്താധുനിക രീതിയില്‍ നിര്‍മിച്ചിട്ടുള്ള ഈ കേന്ദ്രം കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഇവിടെക്ക് വന്നില്ല.
കെട്ടിട നിര്‍മാണത്തിനു വേണ്ടി ഏറെ പരിശ്രമിയ്ക്കുകയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുകയും ചെയ്ത ഡോ. പി.കെ ബിജു എം.പി യും തികഞ്ഞ മൗനത്തിലായിരുന്നു. വേദനയുടെ കയത്തില്‍ കഴിയുന്ന അര്‍ബുധ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയെന്ന നിലയില്‍ കീമോ ഡെ കെയര്‍ സെന്ററിനെ ഏറെ പ്രതീക്ഷയോടെയാണു രോഗികളും ബന്ധുക്കളും നോക്കി കണ്ടിരുന്നത്. മെഡിക്കല്‍ കോളജിനെ മിനി ആര്‍.സി.സിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്ന എം.പി യുടെ മൗനം വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. സുപ്രഭാതം ഈ അധികൃത അവഗണന കഴിഞ്ഞ ദിവസം തുറന്നു കാട്ടിയിരുന്നു. ഇതിനൊടുവിലാണു കീമോ ഡെ കെയര്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ നിന്നു പ്രതിദിനമെത്തുന്ന അയ്യായിരത്തോളം രോഗികള്‍ക്കു കീമോഡെ കെയര്‍ സൗകര്യം ഒരുക്കുന്നതിനു 30,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ അഞ്ചു നിലകളോടു കൂടിയ ഡേ കെയര്‍ കീമോതെറാപ്പി സെന്റര്‍ വിഭാവനം ചെയ്തിട്ടുള്ളത്.
താഴത്തെ നിലയില്‍ ഒ.പി സൗകര്യവും മുകളിലെ രണ്ടു നിലകളില്‍ വാര്‍ഡുകളും ഒരു നില പൂര്‍ണമായും ഓപറേഷന്‍ തിയറ്ററുകളും അഞ്ചാം നിലയില്‍ കാന്‍സര്‍ പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ സൗകര്യങ്ങളുമാണ് ക്രമീകരിച്ചിട്ടുള്ളത് .
ആദ്യഘട്ടമെന്ന നിലയിലാണു ആദ്യത്തെ രണ്ടു നിലകള്‍ ഒരുക്കിയിട്ടുള്ളത്. ഡോക്ടറുടെ സേവനം രോഗികള്‍ക്കു ലഭ്യമാക്കുന്നതിനു വേണ്ടി റീജിണല്‍ കാന്‍സര്‍ സെന്റര്‍ മാതൃകയില്‍ ഡിജിറ്റല്‍ ഒ.പി സംവിധാനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും എല്‍.സി.ഡി സ്‌ക്രീന്‍ സൗകര്യം, ശീതീകരിച്ച മുറികള്‍, ആധുനിക കട്ടിലുകള്‍, ഡേ കെയറിനു മാത്രമായി പ്രത്യേക ആംബുലന്‍സ് സൗകര്യം എന്നിവക്കായി 28 ലക്ഷം രൂപ എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്.
ഡേ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്നു ഡോ.പി.കെ ബിജു എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."