മുത്വലാഖ് : മൗലികാവകാശലംഘനമുണ്ടോ എന്നു പരിശോധിക്കും: സുപ്രിം കോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായ മുത്വലാഖ് (ഇടവേളകളില്ലാതെ മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലി വിവാഹമോചനംചെയ്യുന്ന രീതി) കാരണം മൗലികാവകാശങ്ങളുടെ ലംഘനം നടക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്നു സുപ്രീം കോടതി. ഈ വിഷയം സെപ്തംബര്‍ ആറിനു പരിഗണിക്കുമെന്നു ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടും ഇതുമായി ബന്ധപ്പെട്ട മുന്‍ കോടതിവിധികള്‍ പരിഗണിച്ചും ആയിരിക്കും ഈ വിഷയത്തെ സമീപിക്കുക. ഈ വിഷയമുയര്‍ത്തുന്ന നിയമപ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നു ചിട്ടപ്പെടുത്താന്‍ കോടതി കക്ഷികളോടാവശ്യപ്പെട്ടു. ഇതു ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്.
മുത്വലാഖ് ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ ശയറാബാനു എന്ന യുവതി സുപ്രിംകോടതിയെ സമീപിച്ചത്. മുത്വലാഖ്, ബഹുഭാര്യാത്വം എന്നിവയ്ക്ക് അനുമതി നല്‍കുന്ന ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമത്തിലെ സെക്ഷന്‍ രണ്ടിനുള്ള ഭരണഘടാനാസാധുത ചോദ്യംചെയ്യുന്ന ഹരജിയില്‍ മുസ്‌ലിംവ്യക്തിനിയമത്തില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും ആരോപിക്കുന്നു.
കേസില്‍ പ്രതികരണമാരാഞ്ഞ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തിനും ദേശീയ നിയമകമ്മിഷനും സുപ്രിംകോടതി നോട്ടീസയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."