പെരിക്കല്ലൂരില്‍ കെ.എസ്.ആര്.ടി.സി ഓപറേറ്റിങ് സെന്റര്‍ വരുന്നു
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ജനതയുടെ ചിരകാല സ്വപ്നമായിരുന്ന കെ.എസ്.ആര്.ടി.സി ഓപറേറ്റിങ് സെന്ററിന്റെ സ്ഥലമെടുപ്പ് നടപടികള്‍ക്ക് തുടക്കമായി.
കോട്ടയം ക്നാനായ അതിരൂപതയുടെ രണ്ടേക്കര്‍ സ്ഥലമാണിപ്പോള്‍ പഞ്ചായത്ത് ഏറ്റെടുത്തത്. പെരിക്കല്ലൂര്‍ നിന്നും ഇപ്പോള്‍ 17 ദീര്‍ഘദൂര സര്‍വിസുകളുണ്ട്. കെ.എസ്.ആര്.ടി.സി ഓപറേറ്റിങ് സെന്റര്‍ വരികയും ചേകാടി പാലവും അനുബന്ധ റോഡ് നിര്‍മാണവും പൂര്‍ത്തിയായാല്‍ ഇതര സംസ്ഥാനങ്ങളിലേക്ക് യാത്രയും മറ്റ് സര്‍വിസുകളും എളുപ്പമാകും. സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സെന്റ് തോമസ് ദേവാലയ ഗ്രൗണ്ടില്‍ നിന്ന് പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയും ഉറപ്പുനല്‍കിയിരുന്നു. പെരിക്കല്ലൂരിന്റെ വളര്‍ച്ചക്ക് എന്നും താങ്ങായി നില്ക്കുന്ന പെരിക്കല്ലൂര്‍ സെന്റ് തോമസ് ദേവാലയം വര്‍ഷങ്ങളായി കെ.എസ്.ആര്.ടി.സി ബസ് പാര്‍ക്ക് ചെയ്യുന്നതിനും അതിലെ ജീവനക്കാര്‍ക്ക് താമസ സൗകര്യമൊരുക്കി ജനങ്ങളുടെ യാത്രാസൗകര്യം എളുപ്പമാക്കുന്നതിനും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഫാ. സുനില്‍ പാറയ്ക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."