സഊദിയില്‍ തൊഴില്‍ സുരക്ഷാ നിയമാവലി ജൂലൈ ഒന്നു മുതല്‍ നടപ്പാക്കും
റിയാദ്: സഊദിയില്‍ തൊഴില്‍ സുരക്ഷാ നിയമാവലി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കി തുടങ്ങുമെന്നു തൊഴില്‍ സാമൂഹിക, വികസന മന്ത്രാലയം അറിയിച്ചു. നിയമാവലിയിലെ വകുപ്പുകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ ഉള്‍കൊള്ളുന്ന തരത്തിലാണ് തൊഴില്‍ സുരക്ഷാ നിയമാവലി നടപ്പാക്കുന്നത്. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചു തരംതിരിച്ചാണ് നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിര്‍മാണം, പെട്രോള്‍, പ്രകൃതി വാതകം, റബ്ബര്‍, റെഡിമിക്‌സ്, കരി, ഗ്രാനൈറ്റ്, ഹോളോ ബ്രിക്‌സ്, പ്ലാസ്റ്റിക്, കുപ്പികളില്‍ നിറച്ച പാനീയങ്ങള്‍, ലോഹങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍, ഗതാഗത വ്യവസായം, മറ്റു വ്യവസായങ്ങള്‍, ഫുഡ് സ്റ്റഫ് ഫാക്ടറികള്‍, ടെക്‌സ്റ്റൈല്‍ ഫാക്ടറികള്‍, വീട്ടുപകരണ നിര്‍മാണ യൂണിറ്റുകള്‍, ഡയറി ഫാക്ടറികള്‍, ആഭരണ നിര്‍മാണശാലകള്‍ അടക്കമുള്ള മേഖലകളില്‍ അമ്പതും അതില്‍ കൂടുതലും തൊഴിലാളികള്‍ മുഴുവന്‍ സമയ കരാറുകളില്‍ ആണ് ജോലി ചെയ്യുന്നതെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ നിയമാവലി അനുസരിച്ച മീഡിയം തൊഴില്‍ സുരക്ഷാ വകുപ്പുകളും, മറ്റു മേഖലകളില്‍ അമ്പതും അതില്‍ കൂടുതലും തൊഴിലാളികള്‍ മുഴുസമയ ജീവനക്കാരാണെങ്കില്‍ നിയമാവലി അനുസരിച്ച് ഏറ്റവും കുറഞ്ഞ തൊഴില്‍ സുരക്ഷാ വകുപ്പുകളും പാലിക്കല്‍ നിര്‍ബന്ധമാണ്.
അതേസമയം, തൊഴിലാളികളും തൊഴിലുടമകളുമടക്കമുള്ളവരില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായും ആവശ്യമുള്ളപ്പോഴെല്ലാം നിയമാവലി പുനഃപരിശോധനക്ക് വിധേയമാക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."