ആരോപണം നിഷേധിച്ച് എ.കെ ശശീന്ദ്രന്‍; മന്ത്രിസ്ഥാനം രാജിവച്ചു
കോഴിക്കോട്: സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവച്ചു. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചതായി ശശീന്ദ്രൻ പറഞ്ഞു
താന്‍ തെറ്റ് ചെയ്തിട്ടില്ല. നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തും. സഹായം അഭ്യര്‍ത്ഥിക്കുന്നവരോട് നല്ല രീതിയില്‍ മാത്രമേ പ്രതികരിച്ചിട്ടുള്ളു. എത് ഏജന്‍സിയെക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിക്കാം. ആരോപണത്തിലെ ശരിതെറ്റുകള്‍ കണ്ടെത്തണം. രാജി കുറ്റസമ്മതമല്ല. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജി വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച ഒരു രാഷ്ട്രീയ ധാര്‍മികതയുണ്ട്. തന്റെ പേരില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലും തലകുനിക്കേണ്ടി വരില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വോട്ടര്‍മാര്‍ക്കും ഇതേ വാഗ്ദാനം നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്തു തുടർന്നു കൊണ്ട് അന്വേഷണം നേരിടുന്നത് ശരിയല്ല.അതിനാലാണ് രാജി വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതിക്കാരിയായ വീട്ടമ്മയോട് മന്ത്രി നടത്തിയ ലൈംഗികച്ചുവയുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാശംങ്ങള്‍ ലഭ്യമല്ല.
പിണറായി സർക്കാരിന്‍റെ മന്ത്രിസഭയില്‍ നിന്ന് രാജി വെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ ശശീന്ദ്രന്‍. കോഴിക്കോട് എലത്തൂർ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. നേരത്തെ ബന്ധുനിയമന വിവാദത്തിൽ ആരോപണവിധേയനായതിനെ തുടർന്ന് വ്യവസായ, കായിക മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."