സ്‌കൂള്‍ ബസില്‍ ആയ ഇല്ലെങ്കില്‍ പെര്‍മിറ്റ് നഷ്ടമാകും
തൊടുപുഴ: പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി കര്‍ശന നിര്‍ദേശങ്ങളുമായി മോട്ടോര്‍വാഹന വകുപ്പ്. ഏഴിന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ സോണല്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ എല്ലാ ആര്‍.ടി.ഒ മാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒ മാര്‍ക്കും അയച്ചു.
സ്വകാര്യ വാഹനത്തില്‍ സ്‌കൂള്‍ കുട്ടികളെ മാസവാടകയ്ക്ക് കൊണ്ടുപോയാല്‍ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്.
ജോയിന്റ് ആര്‍.ടി.ഒമാര്‍ അവരുടെ അധികാരപരിധിയിലുള്ള സ്‌കൂള്‍ ബസുകളുടെയും സ്ഥിരമായി കുട്ടികളെ കൊണ്ടുപോകുന്ന കോണ്‍ട്രാക്ട് കാര്യേജുകളിലെയും ഡ്രൈവര്‍മാരുടെ പ്രവൃത്തിപരിചയം ഉറപ്പുവരുത്തണം. സ്‌കൂള്‍ ബസുകളില്‍ ആയമാര്‍ ഉണ്ടെന്നും സ്‌കൂള്‍ വാഹനങ്ങള്‍ കുട്ടികളെ കുത്തിനിറച്ച് ഓടിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം.
ഈ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് ആര്‍.ടി.ഒ- ജോയിന്റ് ആര്‍.ടി.ഒമാര്‍ 10 ദിവസത്തിനകം സസ്‌പെന്‍ഡ് ചെയ്യണം. പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തവിവരം സ്‌കൂളിന്റെ പേര് വയ്ക്കാതെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം.
മാതൃകാപരമായ ഈ നടപടി ജനങ്ങളെ അറിയിക്കാനും മറ്റ് സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പാകാനുമാണ് ഈ നടപടി. ജൂണ്‍ ഒന്നു മുതല്‍ 15 വരെ ആര്‍.ടി.ഒ (എന്‍ഫോഴ്‌സ്‌മെന്റ്) സ്‌കൂള്‍ ബസുകള്‍ പരിശോധിക്കണം.
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് മേലധികാരി പരിശോധനാ വിധേയമാക്കണം. നിര്‍ദേശം പാലിക്കാത്തവരുടെ പേരുകള്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
ജോയിന്റ് ആര്‍.ടി.ഒമാരുടെ പ്രവര്‍ത്തനം ജൂണ്‍ മുഴുവന്‍ നിരീക്ഷിക്കേണ്ടതും വീഴ്ചയുണ്ടെങ്കില്‍ ഡി.ടി.സി യെ അറിയിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."