കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ ഇ-ഗവേണന്‍സ് പദ്ധതി അവതാളത്തില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകള്‍ സാങ്കേതികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ഇ-ഗവേണന്‍സ് പദ്ധതി അവതാളത്തില്‍. പദ്ധതിയുടെ ഭാഗമായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഏഴുമാസമായി ശമ്പളമില്ല. നാഷണല്‍ ഇ-ഗവേണന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി 2013ല്‍ കേരളസര്‍ക്കാര്‍ കൃഷിവകുപ്പിലെ എല്ലാ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഡാറ്റഎന്‍ട്രി ഓപറേറ്റര്‍മാര്‍ക്കാണ് ശമ്പളം മുടങ്ങിയത്. മലപ്പുറം ജില്ലയിലെ കൃഷിവകുപ്പില്‍ മാത്രം പതിനഞ്ചോളം പേരാണ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.
കര്‍ഷകര്‍ കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ച് ആനുകൂല്യങ്ങള്‍ക്കുവേണ്ടി ഓഫിസുകളില്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കി ആനുകൂല്യങ്ങളുടെ തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കാനായിരുന്നു ഇ-പെയ്‌മെന്റ് പദ്ധതി ആരംഭിച്ചത്.
ഒരു ക്ലാര്‍ക്കും അസിസ്റ്റന്റ് ഡയറക്ടറും മാത്രമുള്ളിടത്ത് ഇവര്‍ക്ക് ഇ-പെയ്‌മെന്റ് കാര്യങ്ങള്‍കൂടി നോക്കാന്‍ കഴിയാത്തതിനാലാണ് കരാര്‍ അടിസ്ഥാനത്തില്‍ ഓരോ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലും കംപ്യൂട്ടര്‍പരിജ്ഞാനമുള്ള ആളുകളെ നിയമിച്ചത്.
പദ്ധതി നടപ്പാക്കിയതോടെ പ്രശ്‌നങ്ങള്‍ക്കു പരിഹരമുണ്ടാകുകയും ഇ-പെയ്‌മെന്റും ഡാറ്റാ എന്‍ട്രികളും വേഗത്തിലാകുകയും ഓഫിസ് പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 7500 രൂപ ശമ്പളം ഏഴുമാസമായി ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശമ്പളം കൂട്ടി നല്‍കാന്‍ ഉത്തരവുണ്ടായിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ ശുഹൈബ് പറയുന്നു.
ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള ശമ്പളം കേന്ദ്രം സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചപ്പോള്‍ യാതൊരു മറുപടിയും ലഭിക്കുന്നില്ലെന്നും ശുഹൈബ് പറഞ്ഞു. താല്‍കാലിക കരാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന വിവരം ഓഫിസുകളില്‍ ലഭിച്ചെങ്കിലും അത് പ്രാബല്യത്തില്‍ വന്നിട്ടില്ല.
അത് പ്രകാരം ഡാറ്റാഎന്‍ട്രി ഉദ്യോഗസ്ഥര്‍ ലഭിക്കാനുള്ള തുക 15000 മുകളില്‍ വരും. തങ്ങള്‍ക്കുവേണ്ടി ഇടപെടാന്‍ രാഷ്ട്രീയ പാര്‍ട്ടികളൊ അസോസിയേഷനുകളൊ ഇല്ലെന്നും പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും ശുഹൈബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."