പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരേ ജനങ്ങള്‍ രംഗത്ത്
നെടുമ്പാശ്ശേരി: ജനവാസ കേന്ദ്രത്തിനടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരേ ജനങ്ങള്‍ രംഗത്തിറങ്ങി.
ചെങ്ങമനാട് പഞ്ചായത്തിലെ 14 വാര്‍ഡായ ദേശം പുറയാര്‍ ഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയത്. രാത്രിയില്‍ പെട്ടെന്ന് വന്ന കനത്ത പുകയില്‍ പലര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു.
അസഹ്യമായ ഗന്ധവും സഹിക്കാന്‍ കഴിയാതായതോടെ വീടിന് പുറത്തിറങ്ങി അന്വേഷണം നടത്തിയപ്പോഴാണ് തൊട്ടടുത്ത ഒഴിഞ്ഞ പറമ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീ കൊടുത്തിരിക്കുന്നത് കണ്ടത്.
പിന്നീട് ആലുവയില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എത്തി തീ അണച്ചതോടെയാണ് ശ്വാസം നേരെവീണത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സുമാ ഷാജിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ പൊതു പ്രവര്‍ത്തകരും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് നെടുമ്പാശ്ശേരി പൊലിസില്‍ പരാതി നല്‍കി.
പല സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിയില്‍ പറയുന്നു.
പൊലിസ് സ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീക്കരിക്കുമെന്ന് പൊലിസ് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.പരിസര മലിനീകരണത്തിന്റെ പേരില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."