ജലത്തിന്റെ വിലയറിയാതെ അധികൃതര്‍; ശുദ്ധജലം പാഴാകുമ്പോഴും നടപടിയില്ല
മട്ടന്നൂര്‍: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പാഴും ശുദ്ധജലം പാഴാവുന്നത് പതിവാകുന്നു. മട്ടന്നൂര്‍-ഇരിട്ടി റൂട്ടിലെ ചാവശ്ശേരി, വളോര, ഉളിയില്‍ പ്രദേശങ്ങളിലാണ് അണമുറിയാതെ വെള്ളം റോഡിലും പുതുതായി നിര്‍മിച്ച ഓവുചാലിലേക്കും ഒഴുകുന്നത്. കെ.എസ്.ടി.പി റോഡ് പണി നടക്കുന്നതിനാല്‍ മാസങ്ങളോളമായി പൈപ്പ് പൊട്ടുന്നത് പതിവായിരിക്കുകയാണ്. പലതവണ പരാതി പറഞ്ഞെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഒരാഴ്ച തുടര്‍ച്ചയായി ജലം പാഴാവാറുണ്ടെങ്കിലും പൈപ്പ് നന്നാക്കാറില്ല. തലശ്ശേരി-വളവുപാറ റോഡിന്റെ പണി നടക്കുന്നതിനാല്‍ പൈപ്പു തകരാറാകുന്നത് കാരണം പല മേഖലയിലും ഉള്‍പ്രദേശങ്ങളിലേക്കുള്ള വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ ജലമില്ലാതെ ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസം പുന്നാട് മുസ്‌ലിം ലീഗ് നേതൃത്വം പരാതിയുമായി മട്ടന്നൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ ചര്‍ച്ച നടത്തിയിരുന്നു. പൈപ്പ് പൊട്ടി ശുദ്ധജലം പഴാവുന്നതിനു എത്രയും പെട്ടന്ന് പരിഹാരമുണ്ടാകുമെന്നു ഉറപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."