നായനാര്‍ പ്രതിമയുടെ മുഖംമിനുക്കല്‍ തുടങ്ങി
കണ്ണൂര്‍: നായനാര്‍ അക്കാദമിയില്‍ സ്ഥാപിച്ച ഇ.കെ നായനാരുടെ പ്രതിമയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് അറ്റകുറ്റപ്പണികള്‍ തുടങ്ങി. പ്രതിമയുടെ മുഖംമിനുക്കി പ്രതിമ സ്ഥാപിച്ച പീഠത്തിന്റെ ഉയരം കുറച്ച് മുഖത്തേക്കു സ്പോട്ട്ലൈറ്റ് നല്‍കാനുള്ള പ്രവൃത്തിയാണ് ഇന്നലെ തുടങ്ങിയത്. കണ്ണടകാലിന്റെ നീളം കൂട്ടും. പ്രതിമയുടെ നിര്‍മിതിയില്‍ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ശില്പി തോമസ് ജോണ്‍ കോവൂര്‍ വെള്ളിയാഴ്ച അക്കാദമിയിലെത്തിയിരുന്നു. ഒന്‍പതര അടി ഉയരമുള്ള ശില്പം 11 അടി ഉയരമുള്ള കോണ്‍ക്രീറ്റ് പീഠത്തിലാണു സ്ഥാപിച്ചിരിക്കുന്നത്. തറനിരപ്പില്‍നിന്ന് 20 അടിയോളം ഉയരത്തിലാണു പ്രതിമയുടെ മുഖം.
കോണ്‍ക്രീറ്റ് പീഠത്തിന്റെ ഉയരം ഏഴടിയായി കുറക്കും. പ്രവൃത്തി ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകുമെന്ന് ശില്പി തോമസ് ജോണ്‍ സുപ്രഭാതത്തോട് പറഞ്ഞു. അറ്റകുറ്റപ്പണിയുടെ ഭാഗമായി പ്രതിമ ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കയാണ്. പണി പൂര്‍ത്തിയാകുന്നതുവരെ ആരെയും അക്കാദമിക്കകത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം ജില്ലാ നേതൃത്വം.
കളിമണ്ണിലുണ്ടാക്കിയ പ്രതിമ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും കെ.കെ രാഗേഷ് എം.പിയും പരിശോധിച്ച ശേഷമാണു വെങ്കലത്തിലേക്കു പകര്‍ത്തിയത്. വെള്ളമുണ്ടും ജുബയും മഞ്ഞജാക്കറ്റും ധരിച്ച് ബാഗുമായി നില്ക്കുന്ന പ്രസിദ്ധമായ നായനാര്‍ ചിത്രമായിരുന്നു പ്രതിമയ്ക്കു മാതൃകയാക്കിയത്. എന്നാല്‍ നായനാരുടെ സ്വതസിദ്ധമായ ചിരിയും ഭാവവും രൂപവുമൊന്നും പൂര്‍ണമായും ശില്പത്തില് പ്രതിഫലിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നു വ്യാപക പരാതിയുയര്ന്നതോടെയാണു പ്രതിമയുടെ മുഖം മിനുക്കാന്‍ സി.പി.എം നേതൃത്വം തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."